
ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ കൈയടിച്ച് ഏറ്റെടുത്ത മൂവി ഫ്രാഞ്ചൈസികളുടെ കൂട്ടത്തിലാണ് ദൃശ്യത്തിന്‍റെയും സ്ഥാനം. മറ്റൊരു മലയാള ചിത്രവും ഇത്രയധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടില്ല. ദൃശ്യം ആദ്യ ഭാഗം ഇന്ത്യയില്‍ മറ്റ് നാല് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍. ദൃശ്യം 2 എത്തിയപ്പോള്‍ തമിഴ് ഒഴികെ മറ്റ് മൂന്ന് ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. അടുത്തിടെ എത്തിയ ദൃശ്യം 3 ആവട്ടെ ഹിന്ദി റീമേക്കിന് മാത്രമേ കരാര്‍ ആയിട്ടുള്ളൂ. അതിനാല്‍ത്തന്നെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ പതിപ്പുകള്‍ മലയാളം ഒറിജിനല്‍ എത്തിയ ദിവസം തന്നെ അതത് ഇടങ്ങളില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്നാം ഭാഗം കന്നഡയിലും തെലുങ്കിലും റീമേക്ക് ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണ്? ഇപ്പോഴിതാ ജീത്തു ജോസഫ് തന്നെ അതിനുള്ള മറുപടി പറയുകയാണ്.
ദൃശ്യം 3 ന്‍റെ കഥയിലെ അവസാന ഭാഗം മറുഭാഷക്കാര്‍ക്ക് വര്‍ക്ക് ആവാത്തതാണ് അതിന് കാരണമെന്ന് ജീത്തു ജോസഫ് പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറയുന്നത്- “ദൃശ്യം 3 ഹിന്ദിയില്‍ മാത്രമേ വരൂ. മറ്റ് ഭാഷക്കാര്‍ക്ക് നമ്മുടെ ക്ലൈമാക്സ് വര്‍ക്ക് ആവുന്നില്ല. അവരുടെ നായകന്മാരെ സംബന്ധിച്ച് അവസാനം ഒരു പ്രശ്നമാണ്. ഹിന്ദിയില്‍ അവര്‍ ചില മാറ്റങ്ങള്‍ വരുത്തിക്കോട്ടേ എന്ന് ചോദിച്ചിരുന്നു. നമ്മുടെ കഥയുടെ റൈറ്റ്സ് വാങ്ങിയാല്‍ അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ മാറ്റാം. പക്ഷേ അവര്‍ ഒരു സാമാന്യമര്യാദയ്ക്ക് നമ്മളോട് ചോദിച്ചു. ജീത്തു, നമുക്ക് ഈ രീതിയില്‍ അവിടെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു. അതൊന്ന് മാറ്റിപ്പിടിക്കേണ്ടിവരും എന്ന് പറഞ്ഞു. ഞങ്ങള്‍ അതൊന്ന് ചെയ്തോട്ടെ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ചെയ്തോളാന്‍. അവര്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്”, ജീത്തു ജോസഫിന്‍റെ മറുപടി.
അതേസമയം ദൃശ്യം 3 ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 225 കോടിയും പിന്നിട്ട് മുന്നേറുകയാണ്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായിരുന്ന മെയ് 21 ന് ആയിരുന്നു ചിത്രത്തിന്‍റെ ആഗോള റിലീസ്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒരാഴ്ച കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ