
മലയാള സിനിമാപ്രേമികളില്‍ ഏറെ ആകാംക്ഷ ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. വീണ്ടും ഒരു നവാഗത സംവിധായകനൊപ്പം മമ്മൂട്ടി എത്തുന്നു എന്നതിനൊപ്പം മമ്മൂട്ടിക്കൊപ്പം മറ്റൊരു കേന്ദ്ര കഥാപാത്രമായി വിനായകന്‍ എത്തുന്നു എന്നതും പ്രേക്ഷകരെ സംബന്ധിച്ച് കൗതുകം വര്‍ധിപ്പിക്കുന്ന ഘടകമാണ്. മമ്മൂട്ടിയാണ് വിനായകന്‍റെ പേര് കഥാപാത്രത്തിനായി നിര്‍ദേശിച്ചതെന്ന് ചിത്രത്തിന്‍റെ സംവിധായകനായ ജിതിന്‍ കെ ജോസ് നേരത്തെ പറഞ്ഞിരുന്നു. എന്തുകൊണ്ട് വിനായകന്‍റെ പേര് നിര്‍ദേശിച്ചു എന്ന ചോദ്യത്തിന് മമ്മൂട്ടി മറുപടി പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് മമ്മൂട്ടിയുടെയും വിനായകന്‍റെയും അഭിമുഖങ്ങള്‍ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെ പുറത്തുവിടുന്നുണ്ട്. ഇതില്‍ വിനായകന്‍റെ അഭിമുഖം ഇന്നലെ പുറത്തെത്തിയിരുന്നു. മമ്മൂട്ടിയുടേത് നാളെ എത്തും. അതിന്‍റെ പ്രൊമോയിലാണ് പ്രസ്തുത ചോദ്യവും അതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണവും ഉള്ളത്.
എന്തുകൊണ്ട് വിനായകന്‍ എന്ന അഭിമുഖകാരിയുടെ ചോദ്യത്തിന് വിനായകന്‍ ഒരു മാറ്റമാണ് എന്നാണ് മമ്മൂട്ടിയുടെ മറുപടി. താന്‍ നായകനോടാണോ വില്ലനോടാണോ സംസാരിക്കുന്നത് എന്ന ചോദ്യത്തിന് രണ്ട് പേരോടുമല്ല, ഒരു നടനോടാണ് എന്നാണ് മമ്മൂട്ടിയുടെ മറുപടി. “നമ്മുടെ ജീവിതം മര്യാദയ്ക്ക് പോവുന്നതിന്‍റെ ഒരു കാരണം തന്നെ നമ്മുടെ ഈ നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തില്‍ നന്മ ജയിക്കുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് നമ്മള്‍ നല്ല മനുഷ്യരായിട്ട് പോകുന്നത്”, മമ്മൂട്ടി പറയുന്നു. ഭാവിയില്‍ തന്നെ സമീപിക്കാനിരിക്കുന്ന സംവിധായകരോടും തിരക്കഥാകൃത്തുക്കളോടും ഒരു കാര്യം അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്. “കഥ ഉണ്ടാവുമ്പോഴും എഴുതുമ്പോഴും എന്നെ മനസില്‍ കണ്ടുകൊണ്ട് എഴുതരുത്”, എന്നാണ് അത്.
കളങ്കാവലിന്‍റെ കഥയുമായി തങ്ങള്‍ ആദ്യം സമീപിച്ചത് പൃഥ്വിരാജിനെയാണെന്ന് ജിതിന്‍ കെ ജോസ് നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടി ചെയ്താല്‍ നന്നാവുമെന്ന് പൃഥ്വിരാജ് പറഞ്ഞതിന് ശേഷമാണ് മമ്മൂട്ടിയെ പോയി കണ്ടത്. അദ്ദേഹത്തിന് ഇഷ്ടമായതോടെ ഇതൊരു മമ്മൂട്ടി ചിത്രമായി മാറി. വിനായകന്‍ ഇപ്പോള്‍ അവതരിപ്പിച്ച റോളിലേക്കാണ് പൃഥ്വിരാജിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ അപ്പോഴേക്കും പൃഥ്വിരാജ് എമ്പുരാന്‍റെ അടക്കമുള്ള തിരക്കുകളിലേക്ക് പോയി. പിന്നീടാണ് മമ്മൂട്ടി ഈ കഥാപാത്രത്തിനായി വിനായകനെ നിര്‍ദേശിക്കുന്നത്. ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ് കളങ്കാവല്‍. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഡിസംബര്‍ 5 നാണ് ചിത്രത്തിന്‍റെ റിലീസ്.