
മലയാള സിനിമയില്‍ നിന്നുള്ള അത്ഭുത ഫ്രാഞ്ചൈസിയാണ് ദൃശ്യം. ഇത്രയും മറുഭാഷാ റീമേക്കുകള്‍ സംഭവിച്ച മറ്റൊരു ഫ്രാഞ്ചൈസി മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടില്ല. മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോഴേക്ക് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ആ കാത്തിരിപ്പ് ഇന്ത്യ മുഴുവനുമുണ്ട്. അപ്രതീക്ഷിത ട്വിസ്റ്റുകള്‍ ആയിരുന്നു ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങളുടെയും പ്രധാന ആകര്‍ഷണം. എന്നാല്‍ വന്‍ ഹൈപ്പോടെ എത്തുന്ന മൂന്നാം ഭാഗത്തിന്‍റെ ഹൈപ്പ് കുറയ്ക്കാനെന്നോണം പ്രതീക്ഷകള്‍ ഒഴിവാക്കി പോകണമെന്ന് ജീത്തു ജോസഫ് കിട്ടുന്ന അവസരങ്ങളിലെല്ലാം പറയുന്നുണ്ട്. ഇപ്പോഴിതാ ദൃശ്യം 3 ക്ലൈമാക്സിനെക്കുറിച്ചുള്ള ചോദ്യത്തിന് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ആശ ശരത്തിന്‍റെ മറുപടി ശ്രദ്ധ നേടുകയാണ്.
ദൃശ്യം, ദൃശ്യം 2 ക്ലൈമാക്സുകളില്‍ എല്ലാവരും ഞെട്ടിയിരുന്നുവെന്നും അതുപോലെ ദൃശ്യം 3 ന്‍റെ ക്ലൈമാക്സിലും എല്ലാവരും ഞെട്ടാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഞെട്ടണമല്ലോ എന്നാണ് ആശ ശരത്തിന്‍റെ മറുപടി. “ദൃശ്യം നമ്മള്‍ എല്ലാവരെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിനിമയാണല്ലോ. അപ്പോള്‍ അങ്ങനെ പ്രതീക്ഷിക്കാം”. ദൃശ്യം 3 കഴിഞ്ഞപ്പോള്‍ എന്ത് തോന്നി എന്ന ചോദ്യത്തിന് സന്തോഷം എന്നാണ് ആശ ശരത്തിന്‍റെ മറുപടി. “ഏപ്രില്‍ 2 ന് നമുക്ക് അതിന്‍റെ എല്ലാ റിസള്‍ട്ടുകളും അറിയാന്‍ പറ്റും”. ഒരു ക്യൂരിയോസിറ്റി വീണ്ടും ഉണ്ടാകുമോ എന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെ- “ദൃശ്യം എപ്പോഴും അങ്ങനെയാണല്ലോ. പ്രേക്ഷകരെപ്പോലെതന്നെ ഞാനും സ്ക്രിപ്റ്റ് വായിക്കുമ്പോഴും അഭിനയിക്കുമ്പോഴും കാണുമ്പോഴുമൊക്കെ ആ എക്സൈറ്റ്മെന്‍റില്‍ തന്നെ ആയിരുന്നു”, ആശ ശരത്ത് പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ആശ ശരത്തിന്‍റെ പ്രതികരണം.
അതേസമയം ദൃശ്യം 3 നെക്കുറിച്ച് ജീത്തു ജോസഫ് നേരത്തെ പറഞ്ഞത് ഇങ്ങനെ- “ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമ ആണെന്നുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ട്. പിന്നെ ഇതിനെ ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങളുമായി താരതമ്യം ചെയ്യാന്‍ വന്നാല്‍ എനിക്കറിയില്ല. കാരണം ഞാന്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം അതാണ്. കാരണം വലതുവശത്തെ കള്ളനെയും പലരും താരതമ്യം ചെയ്യുന്നത് മെമ്മറീസും ദൃശ്യവും ഒക്കെയായിട്ടാണ്. മുന്‍വിധികളില്ലാതെ വന്ന് സിനിമ കാണുക”, ജീത്തു പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ