
മള്‍ട്ടി സ്റ്റാര്‍ കാസ്റ്റുമായി എത്തുന്ന ചില ചിത്രങ്ങള്‍ അക്കാരണം കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രീ റിലീസ് ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ സിനിമ ഒട്ടേറെ മാറ്റത്തിന് വിധേയമാവുന്ന 2026 ല്‍ ഒരു മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രം എത്തിയാലോ? അതും പുതുതലമുറ സംവിധായകരില്‍ ശ്രദ്ധേയനായ മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍... പേട്രിയറ്റ് എന്ന ചിത്രത്തിലൂടെ യാഥാര്‍ഥ്യമാവുന്നത് അതാണ്. ചിത്രത്തിന്‍റെ ഹൈലൈറ്റും അത് തന്നെ. മെയ് 1 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം സംബന്ധിച്ച് പ്രേക്ഷകര്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന രണ്ട് കാര്യങ്ങള്‍ ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗും ഫസ്റ്റ് ഷോയും സംബന്ധിച്ചാണ് അത്.
ചില വിദേശ മാര്‍ക്കറ്റുകളില്‍ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ തുടങ്ങിയിരുന്നു. എന്നാല്‍ കേരളത്തില്‍ തുടങ്ങിയിരുന്നില്ല. അത് സംബന്ധിച്ചാണ് പുതിയ പ്രഖ്യാപനം. ചിത്രത്തിന്‍റെ ഇന്ത്യ മുഴുവനുമുള്ള അഡ്വാന്‍സ് ബുക്കിംഗ് നാളെ (28- ചൊവ്വ) രാവിലെ 9 ന് തുടങ്ങും. റിലീസ് ദിനത്തിലെ ആദ്യ ഷോ ആവട്ടെ രാവിലെ 9.15 ന് ആണ് തുടങ്ങുക. മലയാളികളുടെ പ്രിയ താരങ്ങള്‍ ഒരുമിച്ച് എത്തുന്നതുകൊണ്ട് തന്നെ ഓപണിംഗില്‍ ചിത്രം മികച്ച പ്രതികരണം നേടുമെന്ന് ഉറപ്പാണ്. അത് എത്രത്തോളം എത്തും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. കേരളത്തിലെ ഓപണിംഗ് റെക്കോര്‍ഡ് പേട്രിയറ്റ് തകര്‍ക്കുമോ എന്നതും ചോദ്യമാണ്.
അത് സംഭവിക്കണമെങ്കില്‍ വിജയ് ചിത്രം ലിയോ, മോഹന്‍ലാലിന്‍റെ എമ്പുരാന്‍ എന്നിവയെ മറികടക്കണം പേട്രിയറ്റ്. കേരളത്തില്‍ ഒരു സിനിമ നേടിയ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍റെ റെക്കോര്‍ഡ് നിലവില്‍ എമ്പുരാന്‍റെ പേരിലാണ്. രണ്ടാം സ്ഥാനത്ത് വിജയ്‍യുടെ ലിയോ ആണ്. 14.07 കോടിയാണ് വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ എമ്പുരാന്‍ കേരളത്തില്‍ നിന്ന് റിലീസ് ദിനത്തില്‍ നേടിയത്. അതിനുമുന്‍പ് ആ സ്ഥാനത്ത് ഉണ്ടായിരുന്ന ലിയോയെ മറികടന്നായിരുന്നു എമ്പുരാന്‍റെ നേട്ടം. 12 കോടി ആയിരുന്നു ലിയോയുടെ കേരള ഓപണിംഗ്. 10 കോടിക്ക് മുകളില്‍ കേരളത്തില്‍ നിന്ന് ആദ്യ ദിനം നേടിയ ചിത്രങ്ങള്‍ ഈ രണ്ടെണ്ണം മാത്രമേ ഉള്ളൂ. ലിയോയുടെ കേരളത്തിലെ ഫസ്റ്റ് ഷോ പുലര്‍ച്ചെ 4 മണിക്ക് ആയിരുന്നെങ്കില്‍ എമ്പുരാന്‍റേത് 6 മണിക്ക് ആയിരുന്നു. പേട്രിയറ്റിന്‍റേത് രാവിലെ 9.15 ന് മാത്രമാണെന്നത് ഓപണിംഗ് റെക്കോര്‍ഡ് സാധ്യതകള്‍ക്ക് ചെറുതായി മങ്ങലേല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ മികച്ച തിയറ്റര്‍ ചാര്ട്ടിംഗിനൊപ്പം ആദ്യ ഷോകള്‍ക്കിപ്പുറം വമ്പന്‍ അഭിപ്രായം കൂടി വരികയാണെങ്കില്‍ വന്‍ ഓപണിംഗ് ചിത്രത്തിന് വരുമെന്നത് ഉറപ്പാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ