Aryan Khan case|'ആര്യൻ ഖാനെ കുടുക്കിയത്'; ലഹരിമരുന്ന് കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തൽ

Web Desk   | Asianet News
Published : Nov 06, 2021, 09:13 PM IST
Aryan Khan case|'ആര്യൻ ഖാനെ കുടുക്കിയത്'; ലഹരിമരുന്ന് കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തൽ

Synopsis

ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ (Drug party case) ആര്യൻ ഖാനെ(Aryan Khan) കുടുക്കിയതാണെന്ന് മറ്റൊരു സാക്ഷിയുടെ വെളിപ്പെടുത്തൽ. വിജയ് പഗാരെ എന്നയാളാണ് ഒരു മറാത്തി ചാനലിനോട് വെളിപ്പെടുത്തൽ നടത്തിയത്. ആര്യനെ കുടുക്കി പണം തട്ടാൻ കിരൺ ഗോസാവി, മനീഷ് ബനുശാലി,സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് പദ്ധതിയിട്ടുവെന്നും ഇയാൾ പറയുന്നു.

റെയ്ഡിന് മുൻപ് ഈ സംഘത്തിനൊപ്പം ഹോട്ടൽ മുറിയിൽ താമസിച്ചെന്ന് വിജയ് പഗാരെ പറഞ്ഞു. റെയ്ഡിന് 5 ദിവസം മുൻപ് വലിയൊരു ഡീൽ നടക്കാൻ പോവുന്നെന്ന് തന്നോട് പറഞ്ഞുവെന്നും ബനുശാലി 25 കോടിയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടുവെന്നും ഇയാൾ പറഞ്ഞു. ആര്യനാണ് അറസ്റ്റിലായതെന്ന് മനസിലായത് എൻസിബി ഓഫീസിലെത്തിയതിന് പിന്നാലെയാണ്. ആര്യൻ ഖാന്‍റെ അഭിഭാഷകനെ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും വിജയ് പഗാരെ വെളിപ്പെടുത്തി. 

Read More: 'ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നു'; ആര്യൻഖാൻ കേസിൽ സാക്ഷിയുടെ വൻ വെളിപ്പെടുത്തൽ

എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്ന് സാക്ഷിയായ പ്രഭാകർ സെയ്ൽ നേരത്തെ ആരോപിച്ചിരുന്നു. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി അറസ്റ്റിന് പിറ്റേന്ന് ഷാരൂഖിന്‍റെ മാനേജരെ  കണ്ടു. കിരൺ  ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യൻഖാനെകൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പുറത്ത് വിട്ടിരുന്നു. 

അതേസമയം, സമീർ വാങ്കഡെയെമാറ്റി ആര്യൻഖാൻ കേസ് ഏറ്റെടുത്ത എൻസിബിയുടെ പുതിയ അന്വേഷണ സംഘം മുംബൈയിൽ എത്തി. എന്നാൽ സമീറിന്‍റെ സഹായത്തോടെയാണ് അന്വേഷണം നടത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സഞ്ജയ് കുമാർ സിംഗ് ഐപിഎസ് പറഞ്ഞു. അതേസമയം കിരൺ ഗോസാവിയെ ഉപയോഗിച്ച് ഷാരൂഖിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചത് എൻസിപി നേതാക്കളാണെന്ന് ആരോപിച്ച് ഒരു ബിജെപി നേതാവ് ഇന്ന് വാർത്താസമ്മേളനം നടത്തിയിരുന്നു. 

Read More: സമീർ വാങ്കടെയ്ക്ക് പകരം ആര്യൻ ഖാൻ കേസ് അന്വേഷിക്കുന്ന പുതിയ സംഘം മുംബൈയിൽ

ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. തുടര്‍ന്ന് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയ ആര്യൻ ഖാന് ഒക്ടോബര്‍ 28നാണ് ബോംബെ ഹൈക്കോടതി  ജാമ്യം അനുവദിച്ചത്. നടി ജൂഹി ചൗള ആര്യന് ആൾ ജാമ്യം നിന്നത്. രാജ്യം വിട്ടു പോകരുത്, പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍