
ജ്ഞാനപീഠം പുരസ്‌കാര നേട്ടത്തിൽ വൈരമുത്തുവിനെ അഭിനന്ദിച്ച കമൽ ഹാസനെതിരെ ഗായിക ചിന്മയി രംഗത്ത്. 2018 ൽ വൈരമുത്തവിനെതിരെ ചിന്മയി മീ ടൂ ആരോപണമുന്നയിച്ചിരുന്നു. സിനിമയിൽ അധികാരം കയ്യാളുന്ന പുരുഷന്മാർ രാഷ്ട്രീയത്തിലെത്തുമ്പോൾ തന്റെ ഉപദേഷ്ടാവ് തങ്ങളെ പീഡിപ്പിച്ചുവെന്ന പറയുന്ന സ്ത്രീകളെ കേൾക്കാതെ പോകുന്നു എന്നാണ് ചിന്മയി കുറിച്ചത്.
"സിനിമയില്‍ അധികാരം കയ്യാളുന്ന പുരുഷന്മാര്‍ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുമ്പോള്‍, തന്റെ ഉപദേഷ്ടാവ് തങ്ങളെ പീഡിപ്പിച്ചുവെന്ന് പറയുന്ന സ്ത്രീകളെ കേള്‍ക്കാതെ പോകുന്നു. വോട്ട് ചെയ്യുന്ന സ്ത്രീകള്‍ ഓര്‍മിക്കണം, പുരുഷന്മാര്‍ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല. ഏറ്റവും വിചിത്രമായ കാര്യം സ്വന്തം പാര്‍ട്ടിയിലെതന്നെ ഒരു സ്ത്രീ പരസ്യമായി ആ കവിയുടെ പേര് പറഞ്ഞതാണ് എന്നതാണ്. എന്തൊക്കെയായാലും, പുരുഷന്മാര്‍ അവരുടെ സഹോദരന്മാര്‍, അമ്മാവന്മാര്‍, അച്ഛന്മാര്‍, സുഹൃത്തുക്കള്‍, ഉപദേഷ്ടാക്കള്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കും. എത്ര സ്ത്രീകള്‍ക്ക് മാനസികാഘാതം സംഭവിച്ചാലും ആര്‍ക്കാണ് വിഷമം?" ചിന്മയി എക്‌സിൽ കുറിച്ചു.
"തമിഴ് സാഹിത്യം, അതിന്റെ ദീർഘകാല പാരമ്പര്യത്തോടെ, അഭിമാനകരമായ ജ്ഞാനപീഠ പുരസ്കാരം മൂന്നാം തവണയും നേടിയിരിക്കുന്നു. ജയകാന്തനു ശേഷം, കാൽ നൂറ്റാണ്ടിനു ശേഷം, എൻ്റെ പ്രിയ സുഹൃത്തും കവി ചക്രവർത്തിയുമായ വൈരമുത്തു ഈ മഹത്തായ ബഹുമതി തമിഴിന് നേടി തന്നിരിക്കുന്നു." എന്നായിരുന്നു പുരസ്‌കാര നേട്ടത്തിൽ വൈരമുത്തുവിനെ അഭിനന്ദിച്ചുകൊണ്ട് കമൽ ഹാസൻ എക്‌സിൽ കുറിച്ചത്.
2018 ലാണ് ഗായിക ചിന്മയി ശ്രീപദ, വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. സ്വിറ്റ്സർലാൻഡിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ഗായിക ചിൻമയി ശ്രീപദയുടെ വെളിപ്പെടുത്തൽ. എന്നാല്‍ ഈ ആരോപണങ്ങൾ വൈരമുത്തു നിഷേധിച്ചിരുന്നു. എന്നാല്‍ വൈരമുത്തുവിന്റെ മറുപടി കള്ളമാണെന്നാണ് ചിന്മയി പ്രതികരണത്തോട് തുറന്നടിച്ചത്. ചിന്മയിക്ക് പിന്നാലെ മറ്റൊരു ഗായികയും വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിന് പിന്നാലെ മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും വൈരമുത്തുവിനെതിരെ വിമർശനം ഉയർന്നുവരുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ