നാടിനെ വിറപ്പിച്ച അരികൊമ്പൻ എന്ന കാട്ടാനയുടെയും കാടിന്റെ മക്കളുടെ അതിജീവനത്തിന്റെയും യഥാർത്ഥ കഥ പറയുന്ന പുതിയ തമിഴ് സിനിമയാണ് 'അരികൊമ്പൻ'. മിഥുൻ മഹേശ്വരൻ സംവിധാനവും നായകവേഷവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ദേവിക കൃഷ്ണനാണ് നായികയായി അഭിനയിക്കുന്നത്.

നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥയും, മണ്ണുവിട്ടുപോകാത്ത കാടിന്റെ മക്കളുടെ അതിജീവന പോരാട്ടവും ഇനി ബിഗ് സ്‌ക്രീനിൽ ആവേശക്കാറ്റായി പടരും. മിഥുൻ മഹേശ്വരൻ സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം 'അരികൊമ്പന്റെ' ടീസർ പുറത്തുവന്ന നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി അതീവ തീവ്രതയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

​മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട 'ട്രാഫിക്കിൻ്റെ' തമിഴ് റീമേക്കിൽ ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിലൂടെ കൈയടി നേടിയ മിഥുൻ മഹേശ്വരനാണ് ചിത്രത്തിലെ നായകനും സംവിധായകനും. 'എങ്കെയും എപ്പോതും', 'ചെന്നൈയിൽ ഒരു നാൾ', 'കോക്ടെയിൽ', 'എങ്ക കാട്ടുല മഴൈ', 'ചിക്കികു ചിക്കികിച്ചു', 'യുദ്ധസത്തം' തുടങ്ങി നിരവധി ജനപ്രിയ തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് മിഥുൻ.

​'സുമേഷ് & രമേഷ്' എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക കൃഷ്ണനാണ് ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 'ട്രാഫിക്' (ഹിന്ദി), 'മിലി', 'വേട്ട', 'ജമുനാപ്യാരി', അം അ: എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ദൃശ്യാവിഷ്കാരം നൽകിയ ഛായാഗ്രാഹകൻ അനീഷ്ലാൽ ആർ.എസ് ആദ്യമായി ക്യാമറ ചലിപ്പിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

Arikomban - Official Teaser | Mithun Maheshwaran | Sagishna Xavier

​തമിഴ്‌നാട്ടിലെ പച്ചൈമല, കൊല്ലിമല തുടങ്ങിയ മനോഹര മലയോര ഗ്രാമങ്ങളുടെ സ്വാഭാവിക ഭംഗിയിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ​നാടിനെ വിറപ്പിച്ച കാട്ടാനയുടെ സാന്നിധ്യവും, കാടിനെ അറിഞ്ഞു ജീവിക്കുന്ന മനുഷ്യരുടെ അതിജീവന കഥയും പറയുന്ന ഈ ചിത്രം വൈകാരികതയ്ക്കും ആക്ഷൻ രംഗങ്ങൾക്കും ഒരേപോലെ പ്രാധാന്യം നൽകുന്നു. 'അരികൊമ്പൻ' ഡിസംബർ 11-ന് കേരളത്തിലും തമിഴ്‌നാട്ടിലും ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. പിആർഓ- അജയ് തുണ്ടത്തിൽ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming