
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി പുരി ജഗനാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്ലം ഡോഗ് - 33 ടെംപിൾ റോഡ്’ലെ സറീന വഹാബിന്റെ കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായ സുബൈദ എന്ന കഥാപാത്രത്തെയാണ് സറീന വഹാബ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പുരി കണക്റ്റ്സിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും, ജെ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംയുക്തയാണ് ചിത്രത്തിലെ നായിക.
ഏറെ വൈകാരികമായാണ് സുബൈദയെ പരിചയപ്പെടുത്തുന്ന ഗ്ലിമ്പ്സ് ഒരുക്കിയിരിക്കുന്നത്. ജീവിതം അവസാനിപ്പിക്കാനായി റെയിൽവേ സ്റ്റേഷനിലെത്തിയ ഒരു സാഹചര്യത്തെക്കുറിച്ച് സുബൈദ ഓർത്തെടുക്കുന്നതും, എന്നാൽ വിശപ്പ് സഹിക്കാനാവാതെ വന്നതോടെ ഭിക്ഷ യാചിക്കേണ്ടിവന്നതുമാണ് ഗ്ലിമ്പ്സിൽ അവതരിപ്പിക്കുന്നത്. അതിജീവനത്തിനായി പോരാടുന്ന ഒരു സ്ത്രീയുടെ ജീവിതവും നിസ്സഹായാവസ്ഥയും ആത്മാഭിമാനവും അമ്മയുടെ വൈകാരിക യാത്രയുമാണ് ഗ്ലിമ്പ്സിലൂടെ അവതരിപ്പിക്കുന്നത്. സറീന വഹാബിന്റെ വൈകാരിക പ്രകടനമാണ് ഗ്ലിമ്പ്സിന്റെ പ്രധാന ആകർഷണം. സുബൈദയുടെ വേദനയും അതിജീവനത്തിനായുള്ള പോരാട്ടവും തീവ്രമായി അവതരിപ്പിക്കുന്ന താരത്തിന്റെ പ്രകടനം ചിത്രത്തിന്റെ കഥയിലെ വൈകാരിക തലത്തെക്കുറിച്ചുള്ള സൂചനയും നൽകുന്നു. വിജയ് സേതുപതിയും ഗ്ലിമ്പ്സിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആക്ഷനും മാസ്സിനുമൊപ്പം ശക്തമായ വൈകാരിക മുഹൂർത്തങ്ങൾക്കും ചിത്രം പ്രാധാന്യം നൽകുന്നുണ്ടെന്നാണ് പുതിയ ഗ്ലിമ്പ്സ് നൽകുന്ന സൂചന.
നേരത്തെ ചിത്രത്തിൽ തബു അവതരിപ്പിക്കുന്ന ഗൗരി ഹെഗ്ഡെ എന്ന കഥാപാത്രത്തിന്റെ ഗ്ലിമ്പ്സും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണറായ ശക്തമായ കഥാപാത്രത്തെയാണ് തബു അവതരിപ്പിക്കുന്നത്. കുറ്റവാളികൾക്കെതിരെ നിർദയമായി നടപടിയെടുക്കുന്ന തന്റേടവും ആത്മവിശ്വാസവുമുള്ള ഓഫീസറായാണ് ഗൗരി ഹെഗ്ഡെയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ്സ്, സ്റ്റൈലിഷ് കഥാപാത്രമായാണ് വിജയ് സേതുപതിയെയും അവതരിപ്പിച്ചത്. ചേരികളിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിത പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രത്തിൽ ആക്ഷൻ, ഇമോഷൻ, മാസ്സ്, സംഗീതം, കോമഡി എന്നിവയ്ക്കെല്ലാം പ്രാധാന്യമുണ്ട്. വിജയ് സേതുപതിയെ അന്ധനായ കഥാപാത്രത്തിന്റെ ഗെറ്റപ്പിലും അല്ലാതെയും അവതരിപ്പിച്ച ടീസർ നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. തബു, സറീന വഹാബ് എന്നിവർക്കൊപ്പം കന്നഡ താരം ദുനിയ വിജയ് കുമാറും ചിത്രത്തിലെ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും താരനിരയിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക.
രചന, സംവിധാനം: പുരി ജഗനാഥ്, നിർമ്മാതാക്കൾ: പുരി ജഗനാഥ്, ചാർമി കൗർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ: പുരി കണക്റ്റ്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, ഛായാഗ്രഹണം: സാം കെ നായിഡു, സംഗീതം: ഹർഷവർധൻ രാമേശ്വർ, എഡിറ്റിംഗ്: സന്തോഷ് നൂസില, വിഎഫ്എക്സ്: അനിൽ പാദുരി, സിഇഒ: വിഷു റെഡ്ഡി, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ