കവിത ചൊല്ലി അക്ഷയ് കുമാര്‍; മിഷൻ മംഗളിന്റെ പുതിയ പ്രൊമോ വീഡിയോ

By Web TeamFirst Published Aug 1, 2019, 4:58 PM IST
Highlights

സിനിമയിലെ വനിതാ ശാസ്‍ത്രജ്ഞരായി അഭിനയിക്കുന്ന വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍തി എന്നിവരാണ് പ്രമോ വീഡിയോയിലുള്ളത്

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന മിഷൻ മംഗളിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു പ്രൊമോ വീഡിയോയും കയ്യടി നേടുന്നു. അക്ഷയ് കുമാര്‍ ചൊല്ലിയ കവിതയുടെ പശ്ചാത്തലത്തിലാണ് വീഡിയോ.

Jitna uncha ho asmaan, yeh sindoor utni door tak jaayega! Here’s celebrating the women of India who make dreams come true! pic.twitter.com/BPoCi3wPtL

— Akshay Kumar (@akshaykumar)

സിനിമയിലെ വനിതാ ശാസ്‍ത്രജ്ഞരായി അഭിനയിക്കുന്ന വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍തി എന്നിവരാണ് പ്രൊമോ വീഡിയോയിലുള്ളത്. സ്വപ്‍നം യാഥാര്‍ഥ്യമാക്കിയ ഇന്ത്യൻ സ്‍ത്രീകള്‍ക്കുള്ള ആദരവാണ് വീഡിയോയെന്നാണ് അക്ഷയ് കുമാര്‍ എഴുതിയിരിക്കുന്നത്. ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്.  വനിതാ ശാസ്‍ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ചിത്രമെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം യാഥാര്‍ഥ്യത്തിലേക്ക് എത്തിക്കുന്നതിന് അക്ഷയ് കുമാറിന്റെ കഥാപാത്രം എങ്ങനെയാണ് മറ്റ് പ്രതിഭാധനരായ ശാസ്‍ത്രജ്ഞരെ അതിലേക്ക് നയിക്കുന്നത് എന്നതുമാണ് ട്രെയിലറില്‍ സൂചിപ്പിക്കുന്നത്.  ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ കഥ പ്രചോദനം നല്‍കുന്നതാണെന്ന് അക്ഷയ് കുമാര്‍ പറയുന്നു. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ഇത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000  കോടി രൂപയോളമാണ്. ഐഎസ്ആര്‍ഒയ്‍ക്ക് ചെലവായത് 450 കോടി രൂപമാണ്.  വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മള്‍ ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാൻ സിനിമ ഏറ്റെടുത്തത്- അക്ഷയ് കുമാര്‍ പറയുന്നു. പ്രൊജക്റ്റില്‍ ഭാഗഭാക്കായ വനിതാ ശാസ്‍ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമുള്ള ആദരവു കൂടിയാണ് ചിത്രമെന്നും അക്ഷയ് കുമാര്‍ പറയുന്നു.

ഐഎസ്ആര്‍ഒയിലെ പതിനേഴോളം ശാസ്‍ത്രജ്ഞരും എഞ്ചിനീയര്‍മാരുമാണ് പ്രൊജക്റ്റ് കൈകാര്യം ചെയ്‍തത്. വനിതാ ശാസ്‍ത്രജ്ഞരുടെ യഥാര്‍ഥ ജീവിത കഥ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും. അവരെ കുറിച്ചുകൂടിയാണ് സിനിമയില്‍ പറയാൻ ശ്രമിക്കുന്നത്. വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, തപ്‍സി, കിര്‍തി, നിത്യാ മേനോൻ എന്നിവരുമായാണ് സിനിമ ചേര്‍ന്നുനില്‍ക്കുന്നത്. ഇത് അവരുടെ സിനിമയാണ്- അക്ഷയ് കുമാര്‍ പറയുന്നു.

സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതാണ്. അതേസമയം സിനിമാരൂപത്തിലേക്ക് വരുമ്പോള്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയിലുണ്ടെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രം ഓഗസ്റ്റ് 15നായിരിക്കും റിലീസ് ചെയ്യുക.

click me!