
കൊച്ചി: താരസംഘടന അമ്മയ്ക്കും അഭിനേതാക്കള്‍ക്കുമിടയിലുള്ള ഏത് വിഷയത്തിലും തുറന്ന ചർച്ചക്ക് തയ്യാറെന്ന് പ്രസിഡന്‍റ് മോഹൻലാൽ. അമ്മയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടും . അമ്മയുടെ നിയമങ്ങളിൽ മാറ്റം വരുത്തുന്നത് ചർച്ച ചെയ്യും. കൂടിക്കാഴ്ച ആവശ്യപ്പെട്ട നടിമാരുമായി ആലോചിച്ച് ചർച്ചക്കുള്ള തീയതി തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദിലീപ് വിഷയത്തിൽ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. സംഘടന പിളരുന്ന അവസ്ഥവരെ കാര്യങ്ങള്‍ എത്തിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തിൽ ആരും പറഞ്ഞില്ല. വനിതാ അംഗങ്ങളടക്കം യോഗത്തിൽ മൗനം പാലിച്ചു. ഇപ്പോൾ പ്രതിഷേധിച്ച ആരും അന്ന് എതിർത്തില്ലെന്നും മോഹൻലാൽ പറഞ്ഞു.
ദിലീപ് 'അമ്മ'യ്ക്ക് പുറത്ത് തന്നെയാണ്. കുറ്റവിമുക്തനായാൽ ദിലീപിനെ തിരിച്ചെടുക്കും. അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെന്ന പരാതി നടി എഴുതിനൽകിയിട്ടില്ല. ജനറൽബോഡിക്ക് ശേഷം വാർത്താസമ്മേളനം ഉപേക്ഷിച്ചത് തെറ്റാണ്. ഇന്ന് ചേർന്നത് എക്സിക്യൂട്ടിവ് യോഗം എന്ന് പറയാനാവില്ല. അടുത്ത നടപടികളെ കുറിച്ച് തീരുമാനിക്കാന്‍ നിലവില്‍ ലഭ്യമായ ആളുകളെ ചേര്‍ത്ത് യോഗം ചേര്‍ന്നതാണ്.
താന്‍ പറയുന്ന രീതിയില്‍ സംഘടന പ്രവര്‍ത്തിക്കണമെന്ന് പറയാനാകില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി ചേര്‍ത്തേ അത് മുന്നോട്ട് കൊണ്ടുപോകാനാകൂ. 25 വര്‍ഷമായുള്ള ബൈലോ മാറ്റണം. പുതിയ തസ്തികകള്‍ കൊണ്ടുവരാം. സ്ത്രീകള്‍ക്ക് ഏത് ഭാരവാഹി തസ്തികയിലേക്കും അവസരം നല്‍കാം. ഡബ്ലുസിസി അംഗങ്ങള്‍ അമ്മയിലുള്ളവരാണ്. അവര്‍ക്ക് മത്സരിക്കാം. ആരും തടഞ്ഞിട്ടില്ല.
പാര്‍വ്വതിയെ തടഞ്ഞു എന്ന് പറയുന്നു. പക്ഷേ അതവര്‍ ജനറല്‍ ബോഡിയില്‍ ഉന്നയിക്കണമായിരുന്നു. അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പറയുന്നത്. മഞ്ഞ് ഉരുകേണ്ടതല്ല, ഉരുക്കേണ്ടതാണ്. എന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. സത്യം തെളിയിക്കപ്പെടണമെന്നാണ് ആഗ്രഹം. അമ്മ സംഘടനയുടെ ഒരു പരിപാടിയില്‍ അവതരിപ്പിച്ച സ്കിറ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അമ്മയിലെ സ്ത്രീകള്‍ തന്നെ തയ്യാറാക്കിയ സ്കിറ്റാണ് അത്. അതിനെ ബ്ലാക്ക് ഹ്യൂമര്‍ ആയി കാണണം.
പുരുഷമേധാവിത്വം എല്ലായിടത്തുമുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അത് തനിക്കറിയില്ല. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ സംഘടനയ്ക്ക് ഉള്ളില്‍ പറയണമായിരുന്നു. അല്ലാതെ പുറത്ത് വന്ന് അവിടെ പറയാന്‍ പറ്റിയില്ലെന്ന് പറയുന്നത് ശരിയല്ല. സംഘടനയ്ക്ക് ഉള്ളില്‍ ആധിപത്യം ഉണ്ടെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. ദിലീപ് വിഷയത്തില്‍ അമ്മ രണ്ടായി പിളരുന്ന അവസ്ഥയുണ്ടായി.
ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആരും പറഞ്ഞിട്ടില്ല. ആര്‍ക്കും അറിയാത്ത കാര്യത്തെ കുറിച്ച് സംസാരിക്കാനാവില്ല. ദിലീപ് സംഘടനയ്ക്ക് പുറത്ത് തന്നെ. താന്‍ വരുന്നില്ലെന്ന് ദിലീപ് സംഘടനയെ അറിയിച്ച് കഴിഞ്ഞു. ഇനി എന്ത് ചെയ്യാമെന്ന് ആലോചിക്കേണ്ടതുണ്ട്. മാധ്യമങ്ങളെ കാണാത്തത് തെറ്റായിപ്പോയി. വ്യക്തിപരമായി ക്ഷമ ചോദിക്കുന്നു ഇനി അത്തരമൊരു വീഴ്ച ഉണ്ടാവില്ല.
മാധ്യമങ്ങളോടൊപ്പം മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താന്‍. സിനിമ ഇല്ലെന്ന് ആളുകള്‍ പരാതി പറയുന്നുണ്ട്. അംഗങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരു സിനിമയിലെങ്കിലും അഭിനയിക്കാനുള്ള അവസരം ഒരുക്കാന്‍ ശ്രദ്ധിക്കും. ഡബ്ലുസിസി കത്ത് അയച്ചിരുന്നു എക്സിക്യൂട്ടീവ് കൂടി എന്ന് അവരുമായി ചര്‍ച്ച നടത്താന്‍ കഴിയുമെന്ന് തീരുമാനിക്കും.
കൂടുതല്‍ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ അത് കൂടി ചേര്‍ത്ത് കത്ത് അയക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായാണ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനം നടത്തുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ