താൻ ആരേയും തട്ടികൊണ്ടു പോയിട്ടില്ല; തമിഴ് നടനെതിരെ പരാതിയുമായി മലയാളി നടി

By Web TeamFirst Published Feb 19, 2019, 1:17 PM IST
Highlights

2016 ല്‍ പുറത്തിറങ്ങിയ പട്ടതാരി എന്ന ചിത്രത്തിലൂടെയാണ് അതിഥിയും അഭിയും പ്രണയത്തിലാകുന്നത്. ഇരുവരും ചേർന്നാണ് ചിത്രത്തില‌െ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ മാസങ്ങള്‍ക്കകം ഇരുവരും വേര്‍പിരിഞ്ഞു. അഭിയുമായി പിരിഞ്ഞതിനുശേഷം അതിഥി കേരളത്തിലേക്ക് മടങ്ങി. അതിനുശേഷമാണ് അഭിയെ കാണാതായത്. 

ചെന്നൈ: തമിഴ് നടൻ അഭി ശരവണനെതിരേ പരാതിയുമായി നടിയും മലയാളിയുമായ അതിഥി മേനോന്‍ രം​ഗത്ത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് അഭി ശരവണനെതിരെ അതിഥി പൊലീസിൽ പരാതി നൽകിയത്. താരത്തിന്റെ പരാതിയിൽ അഭി ശരവണനെതിരെ പൊലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു. 

2016 ല്‍ പുറത്തിറങ്ങിയ പട്ടതാരി എന്ന ചിത്രത്തിലൂടെയാണ് അതിഥിയും അഭിയും പ്രണയത്തിലാകുന്നത്. ഇരുവരും ചേർന്നാണ് ചിത്രത്തില‌െ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ മാസങ്ങള്‍ക്കകം ഇരുവരും വേര്‍പിരിഞ്ഞു. അഭിയുമായി പിരിഞ്ഞതിനുശേഷം അതിഥി കേരളത്തിലേക്ക് മടങ്ങി. അതിനുശേഷമാണ് അഭിയെ കാണാതായത്. മകന്റെ തിരോധാനത്തില്‍ അതിഥിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്ന് ആരോപിച്ച് അഭി ശരവണന്റെ മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. കൂടാതെ അഭിയെ അതിഥി തട്ടിക്കൊണ്ടുപോയി ചെന്നൈയിലെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ കാണാതായെന്ന് പരാതി നൽകിയതിന്റെ തൊട്ടടുത്ത ദിവസം അഭി വീട്ടിൽ തിരികെയെത്തി. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താനെന്നാണ് അഭിയുടെ വിശദീകരണം. ഇതോടെ അഭി ശരവണന്‍ തന്നെ അപകീര്‍ത്തിപെടുത്താൻ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും ശല്യം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടി അതിഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  

അതേസമയം അഭി ശരവണൻ തനിക്കെതിരെ നിരവധി ആരോപണങ്ങൾ‌ ഉന്നയിച്ചതായി അതിഥി പറഞ്ഞു. അദ്ദേഹത്തെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.  പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതയായും അതിഥി പറഞ്ഞു. പൊലീസിൽ പരാതി നൽകിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അതിഥി. 

ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. 2016 മുതൽ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സംസാരിച്ച് പിരിഞ്ഞതായിരുന്നു. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് ഒരു വ്യാജ വിവാഹസര്‍ട്ടിഫിക്കറ്റ് മധുരയിൽനിന്ന് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.  

ഇതുകൂടാതെ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി വൽസരവാക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം നടത്തിയ പൊലീസ് പരാതി വ്യാജമാണെന്ന് കണ്ടെത്തുകയും അഭിയെ താക്കീത് നൽകി വിട്ടയച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്റെ വീട്ടില്‍ വന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചു. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ മകന്റെ ഭാവി നശിപ്പിക്കരുതെന്ന് അപേക്ഷിച്ച് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എന്നെ വന്ന് കണ്ടു. അന്ന് ഞാന്‍ ക്ഷമിച്ചതായിരുന്നു. ഇനി എനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും അതിഥി പറഞ്ഞു.

ഇടുക്കി സ്വദേശിയായ അതിഥിയുടെ യഥാർഥപേര് ആതിര സന്തോഷ് എന്നാണ്. കളവാണി മാപ്പിളൈ, എന്ന സത്തം ഇന്തനേരം എന്നിവയാണ് അതിഥിയുടെ മറ്റ് ചിത്രങ്ങൾ. 
 

click me!