
കൊച്ചി: താരസംഘടന അമ്മയിലെ ഭരണസമിതിയുടെ കൂട്ടരാജിയിൽ പ്രതികരിച്ച് നടി പാർവ്വതി തിരുവോത്ത്. അമ്മയിലെ കൂട്ടരാജി ഭീരുത്വമാണെന്നും മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും പാർവതി തിരുവോത്ത് പറഞ്ഞു. ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് പാർവ്വതി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് മോഹൻലാലുൾപ്പെടെയുള്ള ഭരണസമിതി പിരിച്ചുവിട്ടത്.
അമ്മയുടെ മാധ്യമങ്ങളിൽ നിന്നടക്കം ഒഴിഞ്ഞുമാറാനുള്ള ശ്രമമാണിത്. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നിൽ അണിനിരന്നത്. സർക്കാർ ഗുരുതരമായ നിരുത്തരവാദിത്തം പുലർത്തി. ഇരകൾക്കൊപ്പമല്ലെന്ന നിലപാടാണ് വ്യക്തമായത്. കൂടുതൽ പരാതികളുമായെത്തിയ സഹപ്രവർത്തകരെ ബഹുമാനിക്കുന്നു. ഇത് ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള സമയമാണെന്നും പാർവതി തിരുവോത്ത് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിലാണ് താരസംഘടന അമ്മയിൽ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചത്. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെയാണ് കൂട്ട രാജിയിലേക്കെത്തിയത്.
കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറഞ്ഞ് നടൻ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. അമ്മയുടെ നിലപാട് ദുർബലമാണ്. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം, ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയാൻ കഴിയില്ല. ഒരു പദവിയിൽ ഇരിക്കുന്നവർ ആരോപണം നേരിടുമ്പോൾ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്‌തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും ഒത്തു ചേർന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരുമെന്നു പ്രതീക്ഷിക്കുന്നുവെന്നും സിനിമയിൽ ബഹിഷ്കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഇന്ന് നടത്താനിരുന്ന 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. നടനും അമ്മ പ്രസിഡൻറുമായ മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിവരം വന്നത്. മോഹൻലാൽ നിലവിൽ ചെന്നൈയിലാണെന്നാണ് വിവരം. മോഹൻലാലിന് നേരിട്ട് തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടൻ അറിയിക്കാമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചിരുന്നു. അതിനിടയിലാണ് കൂട്ടരാജിയുണ്ടായത്.
നടിയുടെ പരാതിയിൽ നടപടി, 7 കേസിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു; നടിയുടെ രഹസ്യ മൊഴിയെടുക്കും
https://www.youtube.com/watch?v=Ko18SgceYX8
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ