നടിയുടെ പരാതിയിൽ നടപടി, 7 കേസിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു; നടിയുടെ രഹസ്യ മൊഴിയെടുക്കും
7 പേര്‍ക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
കൊച്ചി : മരട് സ്വദേശിയായ നടിയുടെ പരാതിയിൽ 7 കേസിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയൻ പിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ.വി. എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. അടുത്ത ദിവസം കോടതിയിൽ ഇതിനായി അപേക്ഷ നൽകും. നിലവിൽ 7 പേർക്കെതിരെയും വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. ഇതെല്ലാം ചേർത്ത് ഒരൊറ്റ 164 സ്റ്റേറ്റ്മെന്റ് എടുക്കാനാണ് ആലോചന.
മുകേഷ് കൊല്ലത്തില്ല; തിരുവനന്തപുരത്തെ വീടിനു പൊലീസ് കാവൽ, പ്രതിഷേധവുമായി പ്രതിപക്ഷം
മുകേഷിനെതിരെ ബലാത്സംഗ കേസ്
കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
ജയസൂര്യക്കെതിരെയും കേസ്
നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
നടിയുടെ ലൈംഗിക പീഡന പരാതി: മുകേഷിനെതിരെ കേസെടുത്തു, ജാമ്യമില്ലാ വകുപ്പ് ചുമത്തി
ഇടവേള ബാബുവിനെതിരെ പീഡന കേസ്
അമ്മയിൽ അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസ് എടുത്തു. ആലുവ സ്വദേശി നടിയുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 376 വകുപ്പ് പ്രകാരമാണ് ബലാത്സംഗത്തിന് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയത്.
മണിയൻപിള്ള രാജുവിനെതിരെ കേസ്
നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടന്‍ മണിയൻപിള്ള രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. 506, 354 വകുപ്പുകൾ പ്രകാരം ഫോർട്ട് കൊച്ചി പൊലീസാണ് കേസ് എടുത്തത്. ഒരുമിച്ച് കാറിൽ സഞ്ചരിച്ചപ്പോൾ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും മോശം താൽപര്യത്തോടെ വാതിലിൽ മുട്ടിയെന്നുമാണ് നടിയുടെ പരാതി.
ഇതേ നടിയുടെ പരാതിയില്‍ പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയുംഎക്സിക്യൂട്ടീവ് വിച്ചുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഫോണിൽ അശ്ലീലം സംസാരിച്ചു, കാറിൽ പോകുമ്പോൾ കടന്നുപിടിച്ചു എന്നിവയാണ് ഇരുവർക്കുമെതിരായ പരാതി.
നടിയുടെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു
സിനിമാ ലൊക്കേഷൻ കാണിക്കാനെന്ന വ്യാജേനെ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. ലോയേഴ്സ് കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെയാണ് കേസെടുത്തത്. ഇയാൾക്കെതിരെ ബലാത്സംഗ വകുപ്പ് ഐപിസി 376 (1) ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസ് എടുത്തത്. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നു ചന്ദ്രശേഖരൻ നടിയുടെ പരാതിക്ക് പിന്നാലെ ഇന്നലെ സ്ഥാനമൊഴിഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് വേണ്ടിയടക്കം നിരവധി കേസുകളിൽ കോൺഗ്രസിനായി ചന്ദ്രശേഖരൻ കോടതിയിൽ ഹാജരായിട്ടുണ്ട്.