കള്ളപ്പണ ആരോപണം: ബച്ചനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബ്രാന്‍റ് അംബാസഡറാക്കില്ല

By Web DeskFirst Published Apr 19, 2016, 2:40 AM IST
Highlights

രാജ്യത്തെ വിനോദ സഞ്ചാര മേഖലയുടെ പ്രചരണത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി അമിതാഭ് ബച്ചനെയും പ്രിയങ്ക ചോപ്രയെയും നിയമിക്കാന്‍ ധാരണയായിരുന്നു.അസഹിഷ്ണുത വിവാദങ്ങളില്‍ പങ്ക് ചേര്‍ന്ന അമീര്‍ ഖാനെ നീക്കിയാണ് അമിതാഭിനെ തല്‍ സ്ഥാനത്തെക്ക് നിയോഗിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

എന്നാല്‍ വിവാദമായ പനാമ രേഖകളില്‍ അമിതാഭ് ബച്ചന്റെ പേര് ഉയര്‍ന്നത് വന്നതോടെ കരാര്‍ ഒപ്പിടുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി വെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം. പനാമ രേഖകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അമിതാഭ് ബച്ചന്‍ നിരപരാധിത്വം തെളിയിച്ചതിന് ശേഷം മാത്രം പ്രചാരണത്തിന്‍റെ ഭാഗമാക്കാമെന്നാണ് സാംസ്‌ക്കാരിക മന്ത്രാലയത്തിന്‍റെ തീരുമാനം.

ഈ മാസം തന്നെ ബിഗ് ബിയെ പ്രചരണ മുഖം ആക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ മുന്‍ തീരുമാനം. പനാമ രേഖകളില്‍ കള്ളപ്പണക്കാരുടെ പട്ടികയില്‍ ബച്ചന്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍  വ്യക്തി വിവരങ്ങളും കമ്പനി വിവരങ്ങളും ആരായുന്ന രണ്ട് ചോദ്യാവലികള്‍ അമിതാഭ് ബച്ചന് അയച്ചിരുന്നു.

ബച്ചനുള്‍പ്പടെ പട്ടികയിലുള്ള ഇന്ത്യാക്കാരെ പറ്റി പതിനഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


 


 

click me!