
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കള്‍ സാംസ്‌കാരിക മന്ത്രിക്ക് പരാതി നല്‍കി. താരസംഘടനയായ 'അമ്മ'യില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കമല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പരാതി. 'അമ്മ'യുടെ കൈനീട്ടത്തെ കുറിച്ചുള്ള കമലിന്‍റെ പരാമർശത്തിന് എതിരെയാണ് പരാതി.
'അമ്മ'യിലെ മുതിർന്ന അംഗങ്ങളെ അപമാനിച്ചു എന്ന് ആരോപിച്ചാണ് മധു, കെപിസിസി ലളിത, കവിയൂർ പൊന്നമ്മ, ജനാർദനൻ എന്നിവര്‍ മന്തി എ.കെ. ബാലന് കത്ത് നൽകിയത്. 500 ലേറെ അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേർ മാത്രമേ സജീവമായി അഭിനയരംഗത്തുള്ളൂവെന്നും അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരാണെന്നുമായിരുന്നു കമലിന്റെ പരാമര്‍ശം.
മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീവിരുദ്ധമാണെന്നും മഹാന്‍മാരെന്ന് നമ്മള്‍ കരുതുന്ന ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്മാരുമെല്ലാം ഇതിന് ഉത്തരവാദികളാണെന്നും അതില്‍ ഒരിക്കലും ജനാധിപത്യം ഉണ്ടാകില്ലെന്നും അത് പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികളാണെന്നും കമല്‍ പറഞ്ഞിരുന്നു. താരസംഘടനയിലെ നിര്‍ഗുണന്‍മാരോട് പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും ഇത് 35 വര്‍ഷത്തെ തന്റെ അനുഭവത്തില്‍ നിന്ന് തിരിച്ചറിഞ്ഞതാണെന്നും കമൽ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, അഭിനയരംഗത്ത് സജീവമല്ലാത്തവർ അമ്മയുടെ കൈനീട്ടത്തിനായി കാത്തിരിക്കുന്നതിനാൽ സംഘടനയിൽ ജനാധിപത്യമുണ്ടാകില്ലെന്ന വിമർശനം ഞെട്ടിച്ചുവെന്നായിരുന്നു അഭിനേതാക്കളുടെ പ്രതികരണം. കൈനീട്ടം ഔദാര്യമല്ലെന്നും അവകാശവും കരുതലുമാണെന്നും ഇവർ പറയുന്നു. അക്കാദമിയുടെ തലപ്പത്തുള്ള വ്യക്തിയുടെ പ്രസ്താവനയിൽ വേദനയുണ്ടെന്നും മന്ത്രി നടപടി എടുക്കണമെന്നുമാണ് ആവശ്യം. അതേസമയം, ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദത്തിനില്ലെന്നും കമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ