
ദില്ലി: തിയേറ്ററുകളിലും ടിവിയിലും സിനിമകള്‍ കാണിക്കുമ്പോള്‍ പുകയില വിരുദ്ധ പരസ്യങ്ങള്‍ തുടക്കത്തില്‍ മാത്രം മതിയെന്ന് വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട്. കഥാപാത്രങ്ങള്‍ പുകവലിക്കുമ്പോള്‍ പുകയില വിരുദ്ധ സന്ദേശങ്ങള്‍ എഴുതിക്കാണിക്കുന്നത് സിനിമയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിച്ചുള്ള ശ്യാം ബെനഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറി
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേന്റെ നവീകരണത്തിനായാണ് സംവിധായകന്‍ ശ്യാം ബെനഗലും നടന്‍ കമല്‍ ഹാസനും അടങ്ങുന്ന വിദഗ്ദ്ധ സമിതി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം രൂപീകരിച്ചത്. പുകവലി വിരുദ്ധ സന്ദേശങ്ങള്‍ സിനിമയ്ക്കിടെ എഴുതിക്കാണിക്കുന്നത് പ്രേക്ഷകശ്രദ്ധ തിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സിനിമ തുടങ്ങുന്നതിന് മുന്‍പ് പുകയില വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഇപ്പോഴുള്ള പരസ്യങ്ങള്‍ക്ക് പകരം പ്രദേശിക ഭാഷകളില്‍ പ്രമുഖ നടന്മാര്‍ അഭിനയിക്കുന്ന ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിക്കണം. ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെ ഇവ സിനിമയ്ക്ക് മുമ്പ് പ്രദര്‍ശിപ്പിക്കണമെന്നും വിദഗ്ദ്ധസമിതി ശുപാര്‍ശ ചെയ്യുന്നു.
മൃഗക്ഷേമ ബോര്‍ഡാണ് നിലവില്‍ സിനിമയുടെ ചിത്രീകരണത്തിന് പക്ഷികളേയും മൃഗങ്ങളേയും ഉപയോഗിക്കുന്നതിന് അനുമതി നല്‍കേണ്ടത് . ഇതിന് പകരം ചിത്രീകരണ സമയത്ത് ഒരു മൃഗാരോഗ്യ വിദഗ്ദ്ധനെ നിയമിക്കുകയും ഇയാളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദര്‍ശനാനുമതി നല്‍കുകയുമാണ് വേണ്ടതെന്നും ബെനഗല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ടില്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അന്തിമ തീരുമാനമെടുക്കും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ