'നിനക്കായ് തോഴി പുനര്‍ജനിക്കാം'; ലക്ഷ്മിയെ തനിച്ചാക്കി, ജാനിക്ക് പിന്നാലെ ബാലയും

By Web TeamFirst Published Oct 2, 2018, 7:37 AM IST
Highlights

നീണ്ട പതിനഞ്ച് വര്‍ഷത്തെ പ്രാര്‍ഥനകള്‍ക്കും വഴിപാടുകള്‍ക്കും ശേഷമണ് അവള്‍ ജന്മംകൊണ്ടത്. തേജസ്വിനി, അച്ഛന്‍റെ ജാനി. ജാനിയുടെ വരവോടെ അവളായിരുന്നു ബാലഭാസ്കറിന്‍റെ ഈണം. മകള്‍ നേരത്തെ പോയതറിയാതെയാണ് ബാലയും യാത്രയാകുന്നത്.  അവസാന നിമിഷങ്ങളിലും ജാനി ബാലയുടെ മടിയിലായിരുന്നു.

നീണ്ട പതിനഞ്ച് വര്‍ഷത്തെ പ്രാര്‍ഥനകള്‍ക്കും വഴിപാടുകള്‍ക്കും ശേഷമണ് അവള്‍ ജന്മംകൊണ്ടത്. തേജസ്വിനി, അച്ഛന്‍റെ ജാനി. ജാനിയുടെ വരവോടെ അവളായിരുന്നു ബാലഭാസ്കറിന്‍റെ ഈണം. മകള്‍ നേരത്തെ പോയതറിയാതെയാണ് ബാലയും യാത്രയാകുന്നത്.  അവസാന നിമിഷങ്ങളിലും ജാനി ബാലയുടെ മടിയിലായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ മുന്നില്‍ കുഞ്ഞിന് ജീവന്‍റെ തുടിപ്പുകള്‍ ബാക്കിയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ ലഭിച്ച ജാനിക്കായുള്ള വഴിപാടുകള്‍ നടത്തി മടങ്ങും വഴിയായിരുന്നു വിധി ക്രൂരത കാട്ടിയത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്തായിരുന്നു ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും സുഹൃത്തുക്കളായതും ജീവിതത്തില്‍ കൈകോര്‍ത്ത് നടക്കാന്‍ തീരുമാനിച്ചതും. 2000 ഡിസംബര്‍ 16നായിരുന്നു ഇരുവരും വിവാഹിതരായത്. പിന്നീടങ്ങോട്ട് ഒരുമിച്ചുള്ള യാത്രയില്‍ ഒരു കുഞ്ഞ് എന്ന സ്വപ്നം മാത്രമായിരുന്നു അലട്ടിയിരുന്നത്. നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അവളെത്തി. 

വലിയ സന്തോഷത്തിന്‍റെ നാളുകളില്‍ ജീവിച്ചു തുടങ്ങിയ ബാലഭാസ്കറിനും ലക്ഷ്മിക്കും വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു.  സംഗീതയാത്രയില്‍ ബാലഭാസ്കറിന്  കരുത്തു പകര്‍ന്ന മറുപാതി തന്‍റെ പ്രിയപ്പെട്ടവനും മകളും വിട്ടുപോയതറിയാതെ ആശുപത്രിയില്‍ കഴിയുകയാണ്. സംഗീതവും കുഞ്ഞു പുഞ്ചിരിയും നിറവ് പകര്‍ന്ന ലക്ഷ്മിയുടെ ജീവിതത്തില്‍ നികത്താനാകാത്ത ശൂന്യത ബാക്കിയാക്കിയാണ് ബാലയും ജാനിയും യാത്രയായത്.

click me!