അത് കേട്ട് ദിലീപ് ചിരിച്ചു, ആ ചിരിയിലും ഒരു ദൃഢതയുണ്ടായിരുന്നു: ബാലചന്ദ്ര മേനോന്‍

Web Desk |  
Published : Mar 08, 2018, 10:33 AM ISTUpdated : Jun 08, 2018, 05:46 PM IST
അത് കേട്ട് ദിലീപ് ചിരിച്ചു, ആ ചിരിയിലും ഒരു ദൃഢതയുണ്ടായിരുന്നു: ബാലചന്ദ്ര മേനോന്‍

Synopsis

ദിലീപിന്റെ ജയിൽ വാസത്തിനുശേഷമുള്ള തങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അതെന്നും ഏതാണ്ട് അരമണിക്കൂറോളം നിന്ന നിൽപ്പിൽ തങ്ങൾ ആ സംഗമം ആഘോഷിച്ചുവെന്നും ബാലചന്ദ്ര മേനോന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് നടന്‍ ബാലചന്ദ്ര മേനോന്‍. ദിലീപിന്റെ ജയിൽ വാസത്തിനുശേഷമുള്ള തങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അതെന്നും ഏതാണ്ട് അരമണിക്കൂറോളം നിന്ന നിൽപ്പിൽ തങ്ങൾ ആ സംഗമം ആഘോഷിച്ചുവെന്നും ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബാലചന്ദ്ര മേനോന്റെ ഫേസ്‌ബുക് കുറിപ്പ് വായിക്കാം:

ഞാന്‍ ദിലീപിനെ കണ്ടുമുട്ടി .
അതും തികച്ചും ആകസ്മികമായിട്ട് ...

ലാല്‍ മീഡിയായില്‍ "എന്നാലും ശരത് " എന്ന എന്റെ ചിത്രത്തിന്‍റെ അന്നത്തെ ഡബ്ബിങ് തീര്‍ത്തു പോവുകയായിരുന്നു ഞാന്‍ . ദിലീപാകട്ടെ തന്റെ വിഷു ചിത്രമായ ":കമ്മാര സംഭവത്തിനു " വന്നതും .

ജയില്‍ വാസം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത് .ഏതാണ്ട് അരമണിക്കൂറോളം നിന്ന നില്‍പ്പില്‍ ഞങ്ങള്‍ ആ സംഗമം ആഘോഷിച്ചു. വിഷയങ്ങള്‍ ഓരോന്നായി മാറി മാറി വന്നു . ദിലീപിന്റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാന്‍ കണ്ടു .
പ്രതിസന്ധികളില്‍ തളരാത്ത ഒരു മനസ്സുണ്ടാവുകയെന്നതു അത്ര ചെറിയ കാര്യമല്ല .( പരീക്ഷയില്‍ തോറ്റു പോയതിനു ഇന്നും കുട്ടികള്‍ ആത്‍മഹത്യ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നത് കൂടി ഓര്‍ക്കുക.)
ശാന്തമായ സ്വരത്തില്‍ ദിലീപ് എന്നോട് പറഞ്ഞു :

" അവിടെ അകത്തുള്ളവര്‍ക്കു പുറത്തു സൗഹൃദം നടിക്കുന്ന പലരേക്കാളും എന്നോട് സ്നേഹമുണ്ടെന്നു ഞാന്‍ മനസ്സിലാക്കി .... "

അത് കലാകാരന്റെ മാത്രം നേട്ടമാണ് . പ്രേക്ഷകമനസ്സില്‍ 'ഇഷ്‌ട്ടം ' ( അങ്ങിനെ പേരുള്ള ഒരു ചിത്രത്തില്‍ മാത്രമേ ഞാന്‍ ദിലീപിനൊപ്പം അഭിനയിച്ചിട്ടുള്ളു . നവ്യാനായരുടെ അച്ഛനായിട്ടു . നവ്യയുടെ സിനിമയിലെ ആദ്യത്തെ അച്ഛനും ഞാനാണെന്ന് തോന്നുന്നു ) നേടിയിട്ടുള്ള ദിലീപിന് ആ പിന്തുണ ഏറെ ഉണ്ടാവും .ഇനി തന്റെ മുമ്പിലുള്ള ഏക വെല്ലുവിളി ആ നിരപരാധിത്വം തെളിയിക്കുക എന്നതാണ് .ആ ദൃഢ നിശ്ചയമാണ് ഞാന്‍ ദിലീപിന്റെ മുഖത്തു കണ്ടത് ...

ഒരു കാര്യം കൂടി ഞാന്‍ ദിലീപിനോട് പങ്കു വെച്ചു . 'എന്നാലും ശരത്തി' ലെ ഒരു രംഗത്തു എന്നെയും ലാല്‍ ജോസിനെയും കൈയാമം വെച്ചുകൊണ്ട് പോകുന്ന ഒരു രംഗമുണ്ട്. അതിന്റെ ഷൂട്ടിംഗിനുള്ള ക്രമീകരണങ്ങള്‍ എല്ലാം കഴിഞ്ഞു . കോസ്‌റ്റ്യുമര്‍ വന്നു കയ്യില്‍ വിലങ്ങിട്ടു പൂട്ടിയ നിമിഷം ഞാന്‍ ദിലീപുമായി ഷെയര്‍ ചെയ്തു . എനിക്കേറ്റവും ദുസ്സഹമായി തോന്നിയത് വീട്ടില്‍ നിന്ന് പോലീസ് ജീപ്പിലേക്കുള്ള വഴി മദ്ധ്യേ നാട്ടുകാര്‍ കൂട്ടം കൂടി നില്‍ക്കാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍സ് ഏര്‍പ്പാട് ചെയ്തിരുന്നു . വിലങ്ങണിഞ്ഞ ഞാന്‍ നടന്നു പോകുമ്പോള്‍ അവര്‍ എന്നെ നോക്കി ഒരു കുറ്റവാളി എന്ന നിലയില്‍ ആക്രോശിക്കുന്നത് അഭിനയമായിട്ടുകൂടി എനിക്ക് പൊള്ളുന്നതായി തോന്നി .

"ആ നിമിഷമാണ് ഒരു പക്ഷെ ഞാന്‍ താങ്കളുടെ മനസ്സിന്റെ നിലയിലേക്ക് ഇറങ്ങിച്ചെന്നത് . അത് എനിക്ക് ഭീകരമായ ഒരു അനുഭവമായിരുന്നു ...."

അത് കേട്ട് ദിലീപ് ചിരിച്ചു . ആ ചിരിയിലും ഒരു ദൃഢതയുണ്ടായിരുന്നു .

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം