
മലയാളം ബിഗ്ബോസിലെ പതിമൂന്നാം വാരത്തിലെ എലിമിനേഷൻ എപ്പിസോഡുകൾ ഇന്നും നാളെയും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും. ബിഗ് ബോസിൽ നോമിനേഷൻ വഴിയുള്ള അവസാന നോമിനേഷനാണിത്. വീട്ടിൽ അവശേഷിക്കുന്ന ഏഴ് പേരിൽ സാബുമോൻ, പേർളി മാണി, ഷിയാസ് കരീം, അർച്ചന സുശീലൻ എന്നിവരാണ് ഈ വാരം നോമിനേഷനിലുള്ളത്. ആരാധക പിന്തുണയിൽ മുന്നിൽ നിൽക്കുന്ന ഈ നാല് പേരേയും പുറത്താക്കലിൽ നിന്നും രക്ഷിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് പുറത്ത് ഇവരുടെ ആരാധകർ. എസ്.എം.എസ്, ഗൂഗിൾ, മിസ്ഡ‍് കോൾ വോട്ടുകൾ പരമാവധി ചെയ്ത് ഇഷ്ടതാരത്തെ സേവ് ചെയ്യാൻ ഫേസ്ബുക്ക്-വാട്സാപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് ഇവരുടെ ആരാധകർ പ്രചാരം നടത്തിയിരുന്നു.
സാധാരണഗതിയിൽ എലിമിനേഷനിൽ വരുന്നവരിൽ ഒരാൾ മാത്രമേ പുറത്തു പോകാറുള്ളൂ എങ്കിലും ഈ ആഴ്ച്ച രണ്ട് പേർ പുറത്തു പോകുമോ എന്നതാണ് ബിഗ് ബോസ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യം. ഏഴ് തവണ എലിമിനേഷനെ അതിജീവിച്ച പേർളി മണി, ഇന്റലിജന്റ് പ്ലെയറായി പേരെടുത്ത സാബു, പുതിയ താരോദയം ഷിയാസ് കരീം, ശക്തയായ മത്സരാർത്ഥിയായി വിശേഷിപ്പിക്കപ്പെടുന്ന അർച്ചന സുശീലൻ എന്നിവരിൽ ആരു പുറത്തു പോയാലും അത് അനിതീയാണെന്ന വിമർശനം ആരാധകർക്കുണ്ട്. ശ്രീനിഷ്, അരിസ്റ്റോ സുരേഷ്, അദിതി എന്നിവർ വോട്ടിംഗിനെ നേരിടാതെ നേരിട്ട് ഫൈനലിലേക്ക് വന്നതാണ് ഈ വിമർശനത്തിന് ആക്കം കൂട്ടുന്നത്. അവസാനവാര നോമിനേഷനിൽ എല്ലാവരേയും നോമിനേറ്റ് ചെയ്യേണ്ടിയിരുന്നുവെന്നാണ് ബിഗ് ബോസ് ഒഫീഷ്യൽ ഗ്രൂപ്പിൽ നിന്നടക്കം ഉയരുന്ന അഭിപ്രായം.
അവശേഷിക്കുന്ന ഏഴ് പേരിൽ ഈ ആഴ്ച്ചയിലെ എലിമിനേഷനിൽ ഒരാൾ പുറത്തു പോയാൽ ആറ് പേരാവും ഗ്രാൻഡ് ഫിനാലെയിൽ എത്തുക. അടുത്ത ആഴ്ച്ചയാണ് ബിഗ്ബോസ് സീസൺ ഒന്നിന്റെ ഗ്രാൻഡ് ഫിനാലെ നടക്കുന്നത്. മലയാളത്തിന് ഒരാഴ്ച്ച മുൻപേ ആരംഭിച്ച തമിഴ് ബിഗ്ബോസിൽ ഇതിനു മുൻപായി ഗ്രാൻഡ് ഫിനാലെ നടക്കും. ബാലാജി, ഋതിക, ജനനി അയ്യർ, ഐശ്വര്യ ദത്ത, യക്ഷിക ആനന്ദ്, വിജയലക്ഷമി എന്നിവരാണ് തമിഴ് ബിഗ് ബോസിലെ അവസാനവാരം ഹൗസിലുള്ളത്. ഇവരിൽ ടാസ്ക് ജയിച്ച ജനനി അയ്യർ നേരിട്ട് ഗ്രാൻഡ് ഫിനാലെയ്ക്ക് യോഗ്യത നേടിയിരുന്നു.
3
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ