
കൊച്ചി: പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെതിരെ ഫെഫ്‌ക. സംഭവത്തിൽ അനിലിനോട് ഫെഫ്ക വിശദീകരണം തേടിയെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ പരിപാടിക്കെത്തിയപ്പോഴാണ് സംഭവം. തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്നാണ് ബിനീഷിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടിക്ക് വൈകിയെത്താൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് വേദിയിലെത്തിയ നടൻ, കരഞ്ഞുകൊണ്ടാണ് വേദി വിട്ടത്.
പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്, പ്രിൻസിപ്പലും യൂണിയൻ ചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തി, ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് വന്നാൽ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. കാരണം തിരക്കിയപ്പോഴാണ് മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ സംവിധായകന്‍ അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് പറഞ്ഞതായി ഇവർ നടനോട് പറഞ്ഞത്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന് അനിൽ പറഞ്ഞയി കോളേജ് ഭാരവാഹികള്‍ ബിനീഷിനെ അറിയിക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാൽ ആ ആവശ്യം തള്ളിയ ബിനീഷ് പക്ഷേ പിന്മാറാന്‍ തയ്യാറായില്ല. വേദിയിലെത്തിയ ബിനീഷ് പ്രതിഷേധ സൂചകമായി കസേരയിലിരിക്കാതെ തറയിലിരുന്നു.
നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച ബിനീഷിനോട് ഇറങ്ങി വരാനും പൊലീസിനെ വിളിക്കുമെന്നുമാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. അനുനയിപ്പിക്കാന്‍ ശ്രമിച്ച സംഘാടകരോട് എനിക്ക് ഒരു മുപ്പത് സെക്കന്‍റ് സംസാരിക്കണം എന്ന് ബിനീഷ് ആവശ്യപ്പെട്ടു. '' ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍സല്‍ട്ടിംഗ് അനുഭവിക്കേണ്ടി വന്ന നിമിഷമാണ് ഇന്ന്. ചെയര്‍മാന്‍ എന്‍റെ റൂമില്‍ വന്ന് പറഞ്ഞു അനിലേട്ടനാണ് ഗസ്റ്റ് ആയി വന്നതെന്ന്. ഈ സാധാരണക്കാരനായ ഞാന്‍ ഗസ്റ്റ് ആയിട്ട് വന്നാല്‍ അനിലേട്ടന്‍ സ്റ്റേജില്‍ കേറൂല, അവനോട് ഇവിടെ വരരുത് എന്ന് അനിലേട്ടന്‍ പറഞ്ഞെന്ന് അവരെന്നോട് പറഞ്ഞു. അവന്‍ എന്‍റെ പടത്തില്‍ ചാന്‍സ് ചോദിച്ച ആളാണ്. ഞാന്‍ മേനോനല്ല, നാഷണല്‍ അവാര്‍ഡ് വാങ്ങിച്ച ആളല്ല'' എന്നും ബിനീഷ് പറഞ്ഞു.
എനിക്ക് വിദ്യാഭ്യാസമില്ല, അതോണ്ട് ഞാന്‍ എഴുതിക്കൊണ്ടുവന്നതാണെന്ന് പറഞ്ഞ് അദ്ദേഹം നിറകണ്ണുകളോടെ കയ്യിലുള്ള കുറിപ്പ് വായിച്ചു. കുറിപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം യാത്ര പറഞ്ഞിറങ്ങുകയും ചെയ്തു. വേദി വിട്ട ബിനീഷിനെ വലിയ കയ്യടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ യാത്രയാക്കിയത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ