ആത്മാഭിമാനം കളഞ്ഞ് ജീവിക്കരുതെന്നും, ദ്വയാർത്ഥ ചോദ്യങ്ങൾ ചോദിക്കുന്ന യൂട്യൂബർമാർക്ക് അതിനുള്ള അവസരം നൽകരുതെന്നും മഞ്ജു പത്രോസ്. ഒരാൾ നമ്മളോട് എങ്ങനെ സംസാരിക്കണമെന്ന് നാം തന്നെ തീരുമാനിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു.
സമീപകാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ആളാണ് രേണു സുധി. രണ്ട് വർഷം മുൻപ് തുടങ്ങിയ ട്രോളുകളും വിമർശനങ്ങളും ഇപ്പോഴും രേണുവിനെ പിന്തുടരുന്നുണ്ട്. ഓൺലൈൻ മീഡിയകളോടുള്ള രേണുവിന്റെ പ്രതികരണങ്ങളും വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. തതവസരത്തിൽ നടി മഞ്ജു പത്രോസ് പറഞ്ഞ ചില കാര്യങ്ങളിപ്പോൾ ശ്രദ്ധനേടുകയാണ്. ഇത് രേണു സുധിയെ ഉദ്ദേശിച്ച് കൊണ്ടുള്ളതാണെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.
വനിതാ ദിനത്തോട് അനുബന്ധിച്ചായിരുന്നു മഞ്ജു പത്രോസിന്റെ വാക്കുകൾ. ആണായാലും പെണ്ണായാലും ആത്മാഭിമാനം കളഞ്ഞുകൊണ്ട് ജീവിക്കരുതെന്ന് മഞ്ജു പറയുന്നു. ഓരോ യൂട്യൂബേഴ്സ് ഓപ്പോസിറ്റുള്ള ആളോട്, സെലിബ്രിറ്റികളോട് ഡബിള്‍ മീനിങ്ങിൽ സംസാരിക്കുന്നതിനെ കുറിച്ചും അവർ പറയുന്നുണ്ട്.
"നമ്മള്‍ എങ്ങനെയും ജീവിക്കാന്‍ പാടില്ല. ആത്മാഭിമാനം കളഞ്ഞു കൊണ്ട് നമുക്ക് ജീവിക്കണ്ടാട്ടോ. നല്ല അഭിമാനത്തില്‍ തല ഉയര്‍ത്തി പിടിച്ച് ജീവിക്കേണ്ടവരാണ്. അത് ആണായാലും പെണ്ണായാലും. ആത്മാഭിമാനം കളഞ്ഞിട്ട് ഒരിക്കലും ജീവിക്കരുത്. സോഷ്യല്‍ മീഡിയ കാണുമ്പോഴേ എനിക്ക് ഭയങ്കര ദേഷ്യം തോന്നാറുണ്ട്. ഓരോ യൂട്യൂബേഴ്സ് ഓപ്പോസിറ്റുള്ള ആളോട്, സെലിബ്രിറ്റികളോട് ഡബിള്‍ മീനിങ്ങില‍്‍ സംസാരിക്കും. അങ്ങനെ സംസാരിക്കാനുള്ള ധൈര്യം നമ്മള്‍ കൊടുക്കുന്നതാണ്. ആ ധൈര്യം നമ്മള്‍ ഒരിക്കലും കൊടുക്കരുത്. എന്നോട് അവന്‍ എന്ത് സംസാരിക്കണമെന്ന് ഞാന്‍ തീരുമാനിക്കണം. അതിനപ്പുറത്തേക്കുള്ള സ്വാതന്ത്ര്യം ഒരുത്തനും കൊടുക്കരുത്. അത് ആണായാലും പെണ്ണായാലും. കഴിഞ്ഞ ദിവസം ഒരു വീഡിയോ ഞാന്‍ കണ്ടത്, വണ്ടിയിലേക്ക് ഒരു സ്ത്രീ കയറുന്നു, ബാക്കില്‍ കുറേ യൂട്യൂബേഴ്സ് നിന്നിട്ട് എന്ത് വലിയ വണ്ടിയ എന്ന് പറഞ്ഞപ്പോള്‍ ഈ കുട്ടി തിരിഞ്ഞ് നിന്ന് ചിരിക്കുന്നുണ്ട്. എനിക്കത് ഭയങ്കര വിഷമം തോന്നി. ആ അവസരം നമ്മള്‍ ഒരുത്തനും ഉണ്ടാക്കി കൊടുക്കരുത്. എന്നോട് അത് പറയാന്‍ അവന്‍ പേടിക്കണം. ഒരുത്തനെ പോയി അടിച്ചിട്ടല്ല ആ പേടി ഉണ്ടാക്കേണ്ടത്. നമ്മളുടെ സംസാരവും പെരുമാറ്റവുമാണ്. അതില്‍ കുറഞ്ഞുള്ള സന്തോഷം മതി നമുക്കെന്ന് തീരുമാനിക്കണം. നമ്മളെ കുറിച്ച് എല്ലാവര്‍ക്കും അഭിമാനിക്കണ്ടേ. എല്ലാവരും ശ്രദ്ധിക്കണം. എന്നോട് സംസാരിക്കുമ്പോള്‍ അളന്ന് സംസാരിക്കാന്‍, അവന് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവരുത്. അവന്‍ പേടിക്കണം. ഒരാള്‍ മോശമായി സംസാരിച്ചുവെന്ന് തോന്നിയാല്‍ പിന്നീട് അവനത് സംസാരിക്കാനുള്ള ഇട കൊടുക്കരുത്. വട കഴിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ അത് എന്‍ജോയ് ചെയ്തിട്ട് മറുപടി പറയുന്നത് കേള്‍ക്കുമ്പോള്‍ ഭയങ്കര ബുദ്ധിമുട്ട് തോന്നും. അതൊരിക്കലും അനുവദിച്ച് കൊടുക്കരുത്. എന്നോട് അത് നീ സംസാരിക്കണ്ടെന്ന് തന്നെ പറയണം", എന്നായിരുന്നു മഞ്ജു പത്രോസിന്റെ വാക്കുകൾ.



