
സ്വന്തം പാട്ടിന്റെ വരികൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ഗാനരചയിതാവ് റഫീഖ് അഹ്മദിനെ ഫേസ് ബുക്ക് ബ്ലോക്ക് ചെയ്തു. പകർപ്പവകാശ ലംഘനം ആരോപിച്ചാണ് നടപടി. 24 മണിക്കൂറേക്ക് തന്നെ ബ്ലോക്ക് ചെയ്ത വിവരം പിന്നീട് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് വ്യക്തമാക്കിയത്. റിലീസാകാനൊരുങ്ങുന്ന 'കൂടെ' എന്ന സിനിമയിലെ പാട്ടിന്റെ വരികൾ പങ്കു വെച്ചതിനായിരുന്നു ബ്ലോക്ക്.
ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം നസ്രിയ നസീം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് 'കൂടെ'. സിനിമയിലെ 'ആരാരോ' എന്ന പാട്ട് കഴിഞ്ഞ ദിവസമാണ് റിലീസായത്. ഈ പാട്ടിന്റെ വരികളാണ് റഫീക്ക് അഹ്മദ് തന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തത്. റഫീഖ് അഹമ്മദിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഉടൻ പുറത്തിറങ്ങാൻ പോകുന്ന ഒരു പടത്തിലെ പാട്ട് കിട്ടി. കേട്ടപ്പോൾ നന്നെന്നു തോന്നി. എഫ്.ബി.യിൽ ഷെയർ ചെയ്തു. ഭയങ്കര പ്രശ്നമായി. അതൊരു പകർപ്പവകാശ ലംഘനമായിരുന്നു. 24 മണിക്കൂർ എഫ്.ബിക്ക് പുറത്ത് നിർത്തുക എന്നതായിരുന്നു അതിന്റെ ശിക്ഷ. ശിക്ഷ കഴിഞ്ഞ് ദാ, റിലീസായി. മുതലാളിമാരേ അടിയനോട് ക്ഷമിക്കണം. അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ. നാലണ ലാഭമില്ലാത്ത ഏർപ്പാടാണ്. പാട്ട് കൂടുതൽ ആൾക്കാർ കേട്ടാൽ വരുമാനം അവിടത്തേക്ക് തന്നെയാണല്ലൊ. ഏതായാലും ഇത് ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പു തരുന്നു.
(മുതലാളിമാർ കേൾക്കാതെ മെല്ലെ ഒരു രഹസ്യം കൂട്ടുകാരോട് പങ്കിടാം. ആ പാട്ട് എഴുതിയത് അടിയൻ തന്നെ ആയിരുന്നു.)
അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, പാർവതി മേനോൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് എം ജയചന്ദ്രനും രഘുദീക്ഷിതുമാണ് സംഗീതം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ