
മുംബൈ: ബോളിവുഡിലെ ആക്ഷൻ ഹീറോ ടൈഗർ ഷ്രോഫ് ഇനി റീൽ ലൈഫിൽ നിന്ന് റിയൽ ലൈഫ് ഫുട്ബോൾ മൈതാനത്തേക്ക്. ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ പോരാട്ടമായ ഡ്യൂറൻഡ് കപ്പിൽ മത്സരിക്കുന്ന 'മുംബയ് എഫ്.സി' ടീമിൽ താരം ഇടംപിടിച്ചു. ഇതോടെ ടൈഗര്‍ ഷ്രോഫ് വൈകാതെ തന്നെ പ്രൊഫഷണൽ ഫുട്ബോളിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ടീമിനൊപ്പം തീവ്ര പരിശീലനത്തിലാണ് ടൈഗർ ഷ്രോഫ്. ഷില്ലോംഗിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളിൽ ഏതെങ്കിലും ഒന്നിൽ ടൈഗർ ഷ്രോഫ് കളിക്കളത്തിലിറങ്ങാനാണ് സാധ്യത.
ടൈഗർ ഷ്രോഫ് ടീമിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, താരത്തിന്‍റെ സാന്നിധ്യം സൃഷ്ടിച്ചേക്കാവുന്ന സുരക്ഷാ ഭീഷണിയാണ് മാനേജ്‌മെന്‍റ് നേരിടുന്ന പ്രധാന ആശങ്ക. ടൈഗർ ടീമിനായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു. എന്നാൽ ടൈഗറിന്‍റെ സാന്നിധ്യം കാരണം വലിയ ജനക്കൂട്ടം നിയന്ത്രിക്കാൻ കടുത്ത സുരക്ഷ ഏർപ്പെടുത്തേണ്ടി വരും. നിലവിൽ അദ്ദേഹം ടീമിനൊപ്പം പരിശീലിക്കുന്നുണ്ട്, കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ട് പോയാൽ ഒരു മത്സരത്തിലെങ്കിലും അദ്ദേഹം ബൂട്ട് കെട്ടുമെന്ന് മുംബയ് എഫ്.സി സഹഉടമ സോഹെബ് അംറാനി പറഞ്ഞു.
2024-ൽ മുംബയ് എഫ്.സി രൂപീകൃതമായതു മുതൽ ക്ലബ്ബിന്‍റെ ഭാഗമാണ് ടൈഗർ ഷ്രോഫ്. മുംബൈ ഡിസ്ട്രിക്റ്റ് ലീഗിലും താരം ക്ലബ്ബിനായി ഇറങ്ങിയിട്ടുണ്ട്. 2023-ൽ രൺബീർ കപൂറും എം.എസ്. ധോണിയും അടക്കമുള്ളവർ പങ്കെടുത്ത പ്രദർശന മത്സരത്തിലാണ് ടൈഗറിന്‍റെ ഫുട്ബോൾ മികവ് ശ്രദ്ധയിൽപ്പെട്ടതെന്ന് സോഹെബ് അംറാനി ഓർക്കുന്നു. തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ സി.ആർ.എസ് വഴി കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് താരത്തെ പ്രൊഫഷണൽ തലത്തിലേക്ക് രജിസ്റ്റർ ചെയ്തത്.
ഷില്ലോംഗിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മുംബയ് എഫ്.സിയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. ഓഗസ്റ്റ് 3ന് ലാങ്സ്നിംഗ് എഫ്.സിക്കെതിരെ ഓഗസ്റ്റ് 8ന് ഷില്ലോംഗ് ലജോങ്ങിനെതിരെയും ഓഗസ്റ്റ് 11ന് നോങ്ക്‌സെ എസ്.എസ് ആന്‍ഡ് സി.സിക്കെതിരെയുമാണ് മുംബൈ എഫ് സിയുടെ മത്സരങ്ങള്‍. ഒരു സിനിമാ താരം കളത്തിലിറങ്ങുമ്പോൾ കിട്ടുന്ന വൻ മാധ്യമ ശ്രദ്ധ മഹാരാഷ്ട്രയിലെ വളർന്നുവരുന്ന മറ്റ് യുവതാരങ്ങൾക്ക് തുണയാകുമെന്നാണ് മാനേജ്‌മെന്‍റ് കരുതുന്നത്. ഒരുകാലത്ത് എയർ ഇന്ത്യ, മഹീന്ദ്ര യുണൈറ്റഡ്, മുംബൈ എഫ്.സി തുടങ്ങിയ മുൻനിര ക്ലബ്ബുകളിലൂടെ സജീവമായിരുന്ന മഹാരാഷ്ട്രൻ ഫുട്ബോൾ മേഖലയ്ക്ക് നിലവിൽ വലിയ അവസരങ്ങൾ കുറവാണ്. ടൈഗറിലൂടെ ടീമിലേക്ക് വീഴുന്ന വെളിച്ചം സ്കൗട്ടുകളുടെ ശ്രദ്ധ ആകൃഷ്ടമാക്കാനും പ്രാദേശിക പ്രതിഭകൾക്ക് വലിയ ക്ലബ്ബുകളിലേക്ക് വഴിതുറക്കാനും സഹായിക്കുമെന്നാണ് മുംബൈ എഫ്.സിയുടെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ