സൂരി നായകനായി എത്തിയ ചിത്രം.

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്‍തിരിക്കുന്ന 'മണ്ടാടി' സെപ്റ്റംബർ 10ന് തിയറ്ററുകളിൽ എത്തി. മലയാളത്തിന്റെ പ്രിയ താരം മഹിമ നമ്പ്യാർ ആണ് നായിക വേഷത്തിൽ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് റെഡ് ജയന്റ് മൂവീസ് ആണ്. ചിത്രം ഐ മാക്സിലും റിലീസ് ചെയ്‍തിട്ടുണ്ട്. സെൽഫിക്ക് ശേഷം മതിമാരൻ പുകഴേന്തി ഒരുക്കിയചിത്രം കൂടിയാണിത്. സൂരിയുടെ മണ്ടാടി ആഗോളതലത്തില്‍ 24.43 കോടിയാണ് നേടിയിരിക്കുന്നത്.

മണ്ടാടി കേരളത്തില്‍ വിതരണം ചെയ്‍തിരിക്കുന്നത്ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുങ്ങിയത്. ഈ സെയിലിംഗ് ബോട്ട് മൽസരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്.

സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവര്‍ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി വി പ്രകാശ് സംഗീതവും എസ് ആർ കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക