
ദില്ലി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്ന നൂറ്റാണ്ട് പഴക്കമുള്ള നിയമത്തെ തിരുത്തിയ സുപ്രീം കോടതിയുടെ ചരിത്ര വിധി വന്നതോടെ രാജ്യത്ത് എല്‍ജിബിടി സമൂഹം ആഘോഷതിമിര്‍പ്പിലാണ്. അതിനൊപ്പം സിനിമാ ലോകത്ത് നിന്നും വിധിയെ സ്വാഗതം ചെയ്യുന്ന പ്രതികരണങ്ങളാണ് ഏറെയുമുണ്ടാകുന്നത്.
രാജ്യത്തിന് അതിന്‍റെ ഓക്സിജന്‍ തിരികെ ലഭിച്ചുവെന്നാണ് നടനും സംവിധായകനുമായ കരൺ ജോഹർ കുറിച്ചത്. ചരിത്രപരമായ ഈ വിധിയിൽ വളരെയധികം സന്തോഷമുണ്ട്. മനുഷ്യന്‍റെ അവകാശത്തിനുള്ള ഊർജ്ജം കൂടിയാണ് വിധിയെന്നും കരൺ ജോഹര്‍ ട്വീറ്റ് ചെയ്തു. മനുഷ്യന് ഒരു മനസുണ്ടെങ്കിൽ നമുക്ക് ഇഷ്ടമുള്ളവരെ സ്നേഹിക്കാനുള്ള സ്വതന്ത്ര്യം ഉണ്ടാവണം.
സ്വവര്‍ഗ രതി നിയമവിധേയമാക്കിയ കോടതി വിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് നടി പ്രീതി സിന്‍റയും പ്രതികരിച്ചു. 'ഞാന്‍ എന്താണോ അതാണ് ഞാന്‍. ഞാനായിട്ട് തന്നെ നിങ്ങളെന്നെ കാണുക. 'പിടിക്കപ്പെടും' എന്ന പേടിയോടെ ഇനിയും എന്‍റെ പ്രിയപ്പെട്ടവര്‍ ജീവിക്കേണ്ടി വരില്ലല്ലോ എന്നതില്‍ ഞാന്‍ സന്തോഷവതിയാണെന്ന് വിദ്യാ ബാലനും ട്വീറ്റ് ചെയ്തു.
ഈ ഇന്ത്യയിലാണ് തനിക്ക് ജീവിക്കേണ്ടതെന്ന് നടി സോനം കപൂര്‍ പറഞ്ഞു. 1860ല്‍ വന്ന നിയമമാണ് തകര്‍ന്നതെന്ന് നടന്‍ വരുണ്‍ ധവാന്‍ കുറിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് അഭിമാനത്തോടെ കാണാവുന്ന ദിവസമാണിതെന്നും വരുണ്‍ വ്യക്തമാക്കി. 'സെക്ഷന്‍ 377ന് ബൈ ബൈ' എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഭരണഘടനാപരമായ അവകാശങ്ങളെ ഭൂരിപക്ഷ അഭിപ്രായം കൊണ്ട് ഭരിക്കാനാവില്ലെന്നാണ് പുതിയ വിധിയിലൂടെ തെളിയിക്കപ്പെടുന്നതെന്ന് നടി സ്വര ഭാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഇവരെ കുടാതെ അമീര്‍ ഖാന്‍, അനുഷ്‌ക ശര്‍മ്മ, രണ്‍വീര്‍ സിങ്, അര്‍ജുന്‍ കപൂര്‍, അഭിഷേക് ബച്ചന്‍ തുടങ്ങി ഒരു വമ്പൻ താരനിര തന്നെ വിധിയെ അനുകൂലിച്ചു കെണ്ട് രംഗത്തെത്തിട്ടുണ്ട്.