
മലയാളത്തിൽ റി റിലീസ് ട്രെന്റുകൾ തുടങ്ങിയിട്ട് മൂന്ന് വർഷമായി. മോഹൻലാൽ ചിത്രം സ്ഫടികം ആയിരുന്നു ഇതിന് ആദ്യം തുടക്കം കുറിച്ചത്. പിന്നാലെ ഒരുപിടി സിനിമകൾ റി റിലീസായി മലയാളികൾക്ക് മുന്നിലെത്തി. അവയിൽ ഏറ്റവും ഒടുവിലത്തേത് ആയിരുന്നു ഒരു വടക്കൻ വീരഗാഥ. ഹരിഹരൻ, എംടിയെ പോലുള്ളവർ മെനഞ്ഞെടുത്ത ഈ ക്ലാസിക് ഹിറ്റ് തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകരിൽ കൗതം ഏറെ ആയിരുന്നു. പരിമിതമായ സാങ്കേതികവിദ്യകൾ ഉണ്ടായിരുന്ന അക്കാലത്ത് ഇങ്ങനെ ഒരു സിനിമ ഒരുക്കിയവരെ പ്രകീർത്തിച്ച് അവർ രംഗത്തെത്തി.
ചന്തു എന്ന കഥാപാത്രമായി മമ്മൂട്ടി തിളങ്ങിയ ചിത്രത്തിന്റെ റി റിലീസ് കളക്ഷൻ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. റി റിലീസ് ചെയ്ത് പതിനാറ് ദിവസത്തെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 1.04 കോടി രൂപയുടെ ഗ്രോസാണ് ഇതുവരെ ഒരു വടക്കൻ വീരഗാഥ റി റിലീസിൽ നേടിയിരിക്കുന്നത്. ഇതുവരെ റി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന കളക്ഷനാണിത്. ആവനാഴി, പാലേരി മാണിക്യം, വല്യേട്ടൻ എന്നിവയാണ് മുൻപ് റി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങൾ.
അതേസമയം, മലയാളത്തിൽ ഇതുവരെ ഏഴ് സിനിമകളാണ് റി റിലീസ് ചെയ്തത്. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ, ആവനാഴി, പാലേരി മാണിക്യം, വല്യേട്ടൻ, ഒരു വടക്കൻ വീരഗാഥ എന്നിവയാണ് ആ സിനിമകൾ. ഇനിയും ചില സിനിമകൾ റി റിലീസിന് ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.
ഡൊമനിക് ആന്റ് ലേഡീസ് പേഴ്സ് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഡൊമനിക് എന്ന ഡിക്ടറ്റീവ് ആയാണ് മമ്മൂട്ടി എത്തിയത്. ബസൂക്കയാണ് റിലീസിന് ഒരുങ്ങുന്നൊരു ചിത്രം. മഹേഷ് നാരായണൻ ചിത്രം, കളങ്കാവൽ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..