
തെന്നിന്ത്യയില്‍ നിന്നുള്ള നായക നടന്മാരില്‍ ഇന്ന് പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉള്ളവരില്‍ പ്രധാനിയാണ് അല്ലു അര്‍ജുന്‍. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ഫ്രാഞ്ചൈസിയാണ് ഈ ജനപ്രീതിക്ക് പിന്നില്‍. അതിന് മുന്‍പ് കേരളത്തിലടക്കം വലിയ ജനപ്രീതി നേടിയിരുന്നുവെങ്കിലും അല്ലുവിനെ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത് പുഷ്പ ആണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് പുഷ്പ 2. ഇപ്പോഴിതാ അല്ലു അര്‍ജുന്‍ നായകനായി അഭിനയിച്ച്, 15 വര്‍ഷം മുന്‍പ് പുറത്തെത്തിയ ഒരു ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
പുഷ്പ സംവിധായകന്‍ സുകുമാര്‍ തന്നെ ഒരുക്കിയ ആര്യ 2 ആണ് അത്. അല്ലുവിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ഇന്നലെയാണ് ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ റീ റിലീസിന് എത്തിയത്. എട്ടാം തീയതിയാണ് അല്ലുവിന്‍റെ പിറന്നാള്‍. പ്രൊമോഷന്‍ ഒന്നും ഇല്ലാതെയായിരുന്നു ഇന്നലെ ചിത്രത്തിന്‍റെ റീ റിലീസ്. ഇപ്പോഴിതാ റീ റിലീസിന്‍റെ ആദ്യ ദിനം നേടിയ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്. 4.02 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയിരിക്കുന്നത്. ഇറങ്ങിയ സമയത്ത് പ്രതീക്ഷിച്ച വിജയം നേടാതിരുന്ന ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച കണക്കാണ് ഇത്.
അതേസമയം ചിത്രം കേരളത്തിലും എത്തിയിട്ടുണ്ട്. ഇന്നായിരുന്നു ചിത്രത്തിന്‍റെ കേരള റീ റിലീസ്. 2004 ല്‍ പുറത്തെത്തിയ ആര്യ നേടിയ വന്‍ വിജയത്തെ തുടര്‍ന്നാണ് അല്ലു- സുകുമാര്‍ ടീം 2009 ല്‍ ആര്യ 2 പുറത്തിറക്കിയത്. എന്നാല്‍ ഇത് ആദ്യ ഭാഗം നേടിയതിന്‍റെ അത്ര ജനപ്രീതി നേടിയില്ല. നവ്‍ദീപ്, കാജല്‍ അഗര്‍വാള്‍, ശ്രദ്ധ ദാസ്, അജയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; 'ടീച്ചറമ്മ'യായി ശ്രീലക്ഷ്‍മി