അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമാണ് ചത്താ പച്ച
മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രം എന്ന വിശേഷണവുമായി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ചത്താ പച്ച. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ മമ്മൂട്ടിയുടെ കാമിയോ റോളും വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്നു. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചിത്രം 22 നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച അഡ്വാന്‍സ് ബുക്കിംഗ് നേടിയ ചിത്രം കാണികളെ തിയറ്ററുകളിലേക്ക് കാര്യമായി ആകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ആഗോള ബോക്സ് ഓഫീസ്
ആദ്യ അഞ്ച് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 29.13 കോടി നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇത് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററില്‍ 2026 ല്‍ മോളിവുഡില്‍ നിന്നുള്ള ആദ്യ ഹിറ്റ് എന്ന വിശേഷണവും ഉണ്ട്. റീൽ വേൾഡ് എന്റർടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണം ചെയ്തത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ് ആണ്. റെസ്‍ലിംഗ് റിംഗിലെ ആക്ഷന്‍ രംഗങ്ങള്‍ മോളിവുഡിന് പുതുമയാണ്. ഗംഭീര പ്രകടനമാണ് പ്രധാന കഥാപാത്രങ്ങളില്‍ ഓരോരുത്തരും ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. വിശേഷിച്ചും ആക്ഷന്‍ രംഗങ്ങളില്‍. വളരെ സ്റ്റൈലിഷ് ആയാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.
സിദ്ദിഖ്, ലക്ഷ്മി മേനോൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകർന്ന ചിത്രം കൂടിയാണിത്.



