
മലയാള സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ പണംവാരി പടമായി ബെത്‍ലഹേം കുടുംബ യൂണിറ്റ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയത് 270 കോടിയാണ്. എമ്പുരാനെ മറികടന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 268 കോടി ആയിരുന്നു എമ്പുരാന്‍റെ ലൈഫ് ടൈം ആഗോള ഗ്രോസ്. വെറും 18 ദിവസം കൊണ്ടാണ് ബെത്‍ലഹേം കുടുംബ യൂണിറ്റ് ഈ നേട്ടം സ്വന്തമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. ഓണം റിലീസ് ആയി ഓഗസ്റ്റ് 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ അടുത്തിടെ അതത് ഇടങ്ങളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഈ മറുഭാഷാ പതിപ്പുകള്‍ക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങളും കളക്ഷനുമാണ് ലഭിക്കുന്നത്.
നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ആളാണ് ഗിരീഷ് എ ഡി. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെയാണ് ഗിരീഷ് എ ഡി ശ്രദ്ധ നേടിയത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിച്ച ചിത്രം എന്ന പ്രത്യേകതയും ബെത്‍ലഹേമിന് ഉണ്ട്.
ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്‍ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.