
മുംബൈ: ബോളിവുഡ് താരം ദീപിക പദുക്കോൺ, സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുടെ 'സ്പിരിറ്റ്' എന്ന ചിത്രത്തിൽ നിന്ന് പിന്മാറിയ വാർത്ത വലിയ ശ്രദ്ധയാണ് സിനിമ ലോകത്ത് നേടിയിരിക്കുകയാണ്. 2024 സെപ്റ്റംബറിൽ മകൾ ദുവയ്ക്ക് ജന്മം നല്‍യതിന് പിന്നാലെ ജോലിയും കുടുംബജീവിതവും സന്തുലിതമാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ദീപിക ഈ തീരുമാനമെടുത്തത്.
'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് പ്രകാരം എട്ട് മണിക്കൂർ ജോലിസമയം, 20-25 കോടി രൂപ പ്രതിഫലം, ലാഭവിഹിതം, തെലുഗു ഡയലോഗുകൾ ഡബ്ബ് ചെയ്യില്ല തുടങ്ങിയ നിബന്ധനകള്‍ വച്ചതിന് പിന്നാലെ ചിത്രത്തിന്‍ നിന്നും ദീപികയെ മാറ്റിയെന്നാണ് വാര്‍ത്ത വന്നത്.
ദീപികയുടെ ഈ നിലപാട്, ബോളിവുഡിൽ 'വര്‍ക്ക്-ലൈഫ് ബാലന്‍സ്' സംബന്ധിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. 'ഫിലിം കമ്പാനിയൻ' എന്ന മാധ്യമവുമായുള്ള ഒരു പഴയ അഭിമുഖത്തിൽ, ദീപിക ജോലിസമയം ക്രമീകരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിയത് ഇപ്പോള്‍ വൈറലാകുകയാണ്. "നമ്മുടെ മാനസികാരോഗ്യത്തിനും ജോലിയുടെ ഗുണനിലവാരത്തിനും വേണ്ടി, എട്ട് മണിക്കൂർ ഷിഫ്റ്റ് നടപ്പാക്കേണ്ടത് അനിവാര്യമാണ്. വിശ്രമം ലഭിക്കുന്നത് ജോലിയുടെ ഉൽപാദനക്ഷമത വർധിപ്പിക്കും" എന്നാണ് ദീപിക അന്ന് പറഞ്ഞത്. ഇതാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
അതേ സമയം എട്ടു മണിക്കൂര്‍ ജോലി എന്ന ദീപികയുടെ തീരുമാനത്തെ പിന്തുണച്ച് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. സംവിധായകൻ മണിരത്നം, എട്ട് മണിക്കൂർ ജോലിസമയം ആവശ്യപ്പെട്ടത് "ന്യായമായ" ഒരു ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. "ഇത് വ്യവസായത്തിൽ ഒരു മാറ്റത്തിന് വഴിയൊരുക്കും," അദ്ദേഹം പറഞ്ഞു. അജയ് ദേവ്ഗൺ, സെയ്ഫ് അലി ഖാൻ, കബീർ ഖാൻ, സോനാക്ഷി സിൻഹ തുടങ്ങിയവരും ദീപികയെ പിന്തുണച്ചു.
കബീർ ഖാൻ, ആമിർ ഖാനും അക്ഷയ് കുമാറും ഉൾപ്പെടെ പല താരങ്ങളും എട്ട് മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തി. എന്നാൽ, വിമർശനങ്ങളും ഉയർന്നു. നടി ജനീലിയ ഡിസൂസ, 10-12 മണിക്കൂർ ഷിഫ്റ്റുകൾ "ന്യായമാണ്" എന്ന് അഭിപ്രായപ്പെട്ടു. "ഒരു അമ്മയ്ക്ക് ഇത് ബുദ്ധിമുട്ടാണ്, പക്ഷേ അസാധ്യമല്ല. ചില ദിവസങ്ങളിൽ അധിക സമയം ആവശ്യമായി വരാം" എന്നാണ് ജനീലിയ പറഞ്ഞത്.
ദീപികയുടെ പിന്മാറ്റത്തിന് ശേഷം, 'അനിമൽ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തൃപ്തി ദിമ്രി 'സ്പിരിറ്റ്'ലെ നായികയായി എത്തിയിരുന്നു. സന്ദീപ് റെഡ്ഡി വങ്ക, ദീപികയെ പരോക്ഷമായി വിമർശിച്ച് "ഡർട്ടി പിആർ ഗെയിമുകൾ" എന്ന് സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് എക്സിൽ പങ്കുവച്ച്. അത് വലിയ വിവാദമായിരുന്നു.
നിലവിൽ, ദീപിക അല്ലു അർജുനും അറ്റ്ലിയും ഒന്നിക്കുന്ന 'AA22xA6' എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുകയാണ്. ഷാരൂഖ് ഖാനൊപ്പം 'കിംഗ്' എന്ന ചിത്രത്തിലും അവർ പ്രത്യക്ഷപ്പെടും.