സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ട കണക്കുപ്രകാരം, 2025-ൽ ബുക്ക് മൈ ഷോ വഴി ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ മലയാള സിനിമ 'ലോക ചാപ്റ്റർ 1 ചന്ദ്ര'യാണ്. ചിത്രം 'തുടരും', 'എമ്പുരാൻ' എന്നിവയെ മറികടന്നു.
ഒരു സിനിമയുടെ വിജയത്തിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന ഘടകം ടിക്കറ്റ് ബുക്കിംഗ് ആണ്. പുതിയൊരു സിനിമ റിലീസ് ചെയ്യുന്നതിന് രണ്ടോ മൂന്നോ ദിവസം മുൻപ് മുതൽ ബുക്കിംഗ് ആരംഭിക്കും. ഇതിലൂടെയാണ് ആ സിനിമയുടെ പ്രീ സെയിൽ കണക്കാക്കുന്നത്. റിലീസിന് ശേഷം വിറ്റഴിയുന്ന ടിക്കറ്റുകളുടെ എണ്ണം വച്ച് ഓരോ ദിവസത്തെയും കളക്ഷൻ കണക്കാക്കപ്പെടും. വിവിധ ബുക്കിംഗ് സൈറ്റുകൾ വഴിയും നേരിട്ടുമൊക്കെയാണ് പ്രേക്ഷകർ ടിക്കറ്റുകൾ എടുക്കുന്നത്. ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിയുന്നത് ബുക്ക് മൈ ഷോ എന്ന ആപ്പ് മുഖേനെയാണ്. ഇപ്പോഴിതാ പുതുവർഷത്തിൽ പുത്തൻ സിനിമകൾ റിലീസിന് ഒരുങ്ങുന്നതിനിടെ 2025ൽ ബുക്ക് മൈ ഷോ വഴി ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ആണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. 12 മലയാള സിനിമകളാണ് ലിസ്റ്റിലുള്ളത്. ഇതിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ലോക ചാപ്റ്റർ 1 ചന്ദ്രയാണ്. കല്യാണി പ്രിയദർശൻ നായികയായി എത്തിയ ചിത്രത്തിന്റേതായി 5.5 മില്യൺ ടിക്കറ്റുകളാണ് ബുക്ക് മൈ ഷൈയിൽ നിന്നും വിറ്റിരിക്കുന്നത്. മോഹൻലാൽ ചിത്രങ്ങളായ തുടരും, എമ്പുരാൻ എന്നിവയെ മറികടന്നാണ് ലോകയുടെ ഈ നേട്ടം. ഹൃദയപൂർവ്വം സിനിമയെ കടത്തിവെട്ടി നിവിൻ പോളിയുടെ സർവ്വം മായയാണ് നാലാം സ്ഥാനത്ത്. 2.07 മില്യൺ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്. മമ്മൂട്ടിയുടെ കളങ്കാവൽ ലിസ്റ്റിൽ എട്ടാം സ്ഥാനത്താണ്. 1.15 മില്യൺ ടിക്കറ്റുകളാണ് പടത്തിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്.
ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിഞ്ഞ മലയാള ചിത്രങ്ങൾ
ലോക ചാപ്റ്റർ 1 ചന്ദ്ര - 5.5 മില്യൺ
തുടരും - 4.52 മില്യൺ
എമ്പുരാൻ - 3.78 മില്യൺ
സർവ്വം മായ - 2.07 മില്യൺ*
ഹൃദയപൂർവ്വം - 1.47 മില്യൺ
ആലപ്പുഴ ജിംഖാന - 1.34 മില്യൺ
ഡീയസ് ഈറേ - 1.33 മില്യൺ
കളങ്കാവൽ - 1.15 മില്യൺ
രേഖാ ചിത്രം - 887K
ഓഫീസർ ഓൺ ഡ്യൂട്ടി - 853K
എക്കോ - 756K
സുമതി വളവ് - 446K



