രണ്‍വീര്‍ സിംഗ് നായകനായ 'ധുരന്ദര്‍' എന്ന ബോളിവുഡ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ ചരിത്ര വിജയം കുറിച്ചിരുന്നു

ബോളിവുഡ് സിനിമകള്‍ക്ക് പൊതുവെ വലിയ ബോക്സ് ഓഫീസ് ചലനം ഉണ്ടാവാത്ത മാര്‍ക്കറ്റ് ആണ് കേരളം. എന്നാല്‍ ഷാരൂഖ് ഖാന്‍റെയും ആമിര്‍ ഖാന്‍റെയും വന്‍ വിജയചിത്രങ്ങള്‍ കേരളത്തിലെ തിയറ്ററുകളിലും ആളെ കൂട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ് യുവനിരയിലെ മുന്‍നിര താരമായ രണ്‍വീര്‍ സിംഗ് നായകനായ ധുരന്ദര്‍ എന്ന ചിത്രവും കേരളത്തില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 5 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. റിലീസ് ദിനത്തില്‍ ആദ്യ ഷോകള്‍ക്കിപ്പുറം വന്‍ മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും കുതിപ്പ് തുടങ്ങി. നിലവില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കളക്ഷന്‍ നേടിയ അഞ്ചാമത്തെ ചിത്രമാണ് ധുരന്ദര്‍.

കളക്ഷന്‍ കണക്കുകള്‍

നിര്‍മ്മാതാക്കള്‍ ഇന്നലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് 1240 കോടിയാണ്. കേരളത്തില്‍ നിന്നുള്ള ട്രാക്കര്‍മാര്‍ ഇവിടുത്തെ കളക്ഷന്‍ കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം 32 ദിവസം കൊണ്ട് ധുരന്ദര്‍ കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 7.20 കോടിയാണ്. വിതരണക്കാരെ സംബന്ധിച്ച് കേരളത്തില്‍ ചിത്രം ലാഭമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മലയാളി സിനിമാപ്രേമികള്‍ക്കിടയിലും ചിത്രം ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ മലയാളം റിവ്യൂസും ഏറെ എത്തിയിരുന്നു. ലിമിറ്റഡ് റിലീസ് ആയിരുന്നുവെങ്കിലും കേരളത്തില്‍ ചിത്രത്തിന് ലോംഗ് റണ്‍ ലഭിച്ചു. ഇതാണ് കളക്ഷനിലെ മികവിന് കാരണം.

ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ആദിത്യ ധര്‍ ആണ് ധുരന്ദറിന്‍റെ സംവിധായകന്‍. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാറ അര്‍ജുന്‍ ആണ് നായിക. ദി റാത്ത് ഓഫ് ഗോഡ് എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന ഒരു ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍റ് ആയാണ് രണ്‍വീര്‍ ചിത്രത്തില്‍ എത്തുന്നത്. ഐഎസ്ഐ ഓഫീസര്‍ മേജര്‍ ഇഖ്ബാല്‍ എന്ന കഥാപാത്രമായാണ് അര്‍ജുന്‍ രാംപാല്‍ എത്തുന്നത്. രണ്‍വീര്‍ സിംഗിന്‍റെ താരമൂല്യം വലിയൊരളവില്‍ കൂട്ടുന്ന വിജയമാണ് ഇത്. അതുപോലെ തന്നെ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളുടെയും സംവിധായകന്‍റെയും.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming