
ഒടിടി കാലത്ത് പുതുമകള്‍ എന്തെങ്കിലുമുള്ള സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മാറിയ കാലം മനസിലാക്കി പ്രമേയത്തില്‍ മാത്രമല്ല, പുതിയ ജോണറുകളും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നുണ്ട് ചലച്ചിത്ര പ്രേക്ഷകര്‍. ഇപ്പോഴിതാ ലോകം മുഴുവന്‍ ആരാധകരെ നേടിയ ഒരു ജാപ്പനീസ് അനിമെ ചിത്രം ഇന്ത്യയിലും മികച്ച പ്രദര്‍ശന വിജയം നേടുകയാണ്. ഡെമോണ്‍ സ്ലെയര്‍: കിമെത്‍സു നോ യൈബ- ദി മൂവി: ഇന്‍ഫിനിറ്റി കാസില്‍ എന്ന ചിത്രമാണ് അത്. ഈ വെള്ളിയാഴ്ചയാണ് ചിത്രം ഇന്ത്യയിലെ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ ആദ്യ രണ്ട് ദിനങ്ങളിലെ കളക്ഷന്‍ പുറത്തെത്തിയിട്ടുണ്ട്.
ജാപ്പനീസ് ഒറിജിനലിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായാണ് ചിത്രം ഇന്ത്യയിലെ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. എല്ലാ ഭാഷാ പതിപ്പുകളും ചേര്‍ത്ത് ആദ്യ ദിനം ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 13 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച ഇത് 14.27 കോടിയായി വര്‍ധിച്ചു. അങ്ങനെ രണ്ട് ദിനങ്ങളിലെ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 26.92 കോടിയാണ്. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയുള്ള ജാപ്പനീസ് പതിപ്പ് തന്നെയാണ് ഇന്ത്യന്‍ പ്രേക്ഷകര്‍ കൂടുതല്‍ താല്‍പര്യപ്പെട്ടത് എന്നതും കൗതുകകരമാണ്.
26.92 കോടിയില്‍ 15.7 കോടി നേടിയത് ജാപ്പനീസ് പതിപ്പ് ആണ്. ഇംഗ്ലീഷ് പതിപ്പ് 5.37 കോടിയും ഹിന്ദി പതിപ്പ് 5.5 കോടിയും നേടി. തെലുങ്ക് പതിപ്പ് 20 ലക്ഷവും തമിഴ് പതിപ്പ് 15 ലക്ഷവുമാണ് നേടിയത്. ഒരു അനിമെ ചിത്രത്തെ സംബന്ധിച്ച് ഇന്ത്യയില്‍ റെക്കോര്‍ഡ് കളക്ഷനാണ് ഡെമോണ്‍ സ്ലെയര്‍: ഇന്‍ഫിനിറ്റി കാസില്‍ നേടിയിരിക്കുന്നത്. ഭാവിയില്‍ അനിമെ ചിത്രങ്ങളുടെ ഇന്ത്യന്‍ വിപണിയെ ചിത്രം വലുതാക്കുകയാണെന്ന് നിസംശയം പറയാം.
ജപ്പാന്‍, സൗത്ത് കൊറിയ, തായ്‍വാന്‍ എന്നിവിടങ്ങളിലൊക്കെ ജൂലൈയില്‍ എത്തിയ ചിത്രമാണിത്. ഐമാക്സ് ശൃംഖലകളിലും വന്‍ നേട്ടമാണ് ചിത്രം ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യയ്ക്കൊപ്പം യുഎസിലും യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലുമൊക്കെ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകമുള്ള ചിത്രത്തിന്‍റെ നേട്ടം ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റിയാല്‍ 3450 കോടി രൂപ വരും!