നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ആക്ഷൻ ചിത്രം 'ചത്താ പച്ച' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം ആരംഭിച്ചു.
ആദ്യ ദിനം തന്നെ ആവേശകരമായ പ്രതികരണങ്ങളോടെ 'ചത്താ പച്ച' തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ എത്തിയ ഈ ആക്ഷൻ എൻ്റർടെയ്നർ, റിലീസ് ദിനത്തിൽ തന്നെ സ്ക്രീനുകളിൽ വലിയ ചലനം സൃഷ്ടിച്ചു കഴിഞ്ഞു.
മലയാള സിനിമാ കലണ്ടറിൽ 2026 ഇൽ പ്രേക്ഷകർ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് 'ചത്താ പച്ച'. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്ന് നിർമിച്ച ചത്താ പച്ച, നവാഗതനായ അദ്വൈത് നായർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം കൊച്ചിയുടെ റെസ്ലിങ് സംസ്കാരത്തിന്റെ പശ്ചത്താലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
റിലീസിന് മുൻപേ തന്നെ കേരളത്തിൽ നിന്ന് മാത്രം 2 കോടി രൂപയിലധികം അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം സ്വന്തമാക്കി. നടൻ മോഹൻലാൽ ആണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഏറെ നാളായി ആരാധകർ കാത്തിരുന്ന മമ്മൂട്ടിയുടെ സാന്നിധ്യവും 'വാൾട്ടർ' എന്ന കഥാപാത്രവും തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറി. സർപ്രൈസ് ആയി എത്തിയ മമ്മൂട്ടിയുടെ വേഷം ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.
അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരുടെ കഥാപാത്രത്തിനൊപ്പം വാൾട്ടറും 'റോസ' എന്ന കഥാപാത്രവും പ്രേക്ഷകരുടെ പ്രശംസ നേടുന്നു. പ്രശസ്ത സംഗീത കൂട്ടുകെട്ടായ ശങ്കർ എഹ്‌സാൻ ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം നിർവ്വഹിച്ച ചിത്രം എന്ന പ്രത്യേകതയും ' ചത്താ പച്ച'യ്ക്കുണ്ട്. ടീ-സീരീസ് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
ആനന്ദ് സി. ചന്ദ്രന്റെ ഛായാഗ്രഹണവും പ്രവീൺ പ്രഭാകറിന്റെ എഡിറ്റിംഗും ചിത്രത്തിന് കരുത്തുപകരുന്നു. സനൂപ് തൈക്കൂടമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുജീബ് മജീദ് ആണ് ചിത്രത്തിന് പശ്ചത്താല സംഗീതം നൽകിയിരിക്കുന്നത്. വിനായക് ശശികുമാർ ആണ് ഗാനങ്ങൾക്ക് വരികൾ നൽകിയിരിക്കുന്നത്.
കേരളത്തിൽ വേഫെറർ ഫിലിംസും, തെലങ്കാനയിൽ മൈത്രി മൂവി മേക്കേഴ്സും, തമിഴ്‌നാട്ടിലും കർണാടകയിലും പി.വി.ആർ ഐനോക്സും, ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസും, ആഗോളതലത്തിൽ പ്ലോട്ട് പിക്ചേഴ്സും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഈ വർഷത്തെ ആദ്യത്തെ വലിയ ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗുകളിൽ ഒന്നായി ചത്താ പച്ച വരും ദിവസങ്ങളിലും തിയേറ്ററുകൾ കയ്യടക്കും എന്നതിൽ സംശയമില്ല.



