
പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്ന നിലയില്‍ ശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്. ടൈറ്റില്‍ കഥാപാത്രമായി മമ്മൂട്ടി കൂടി എത്തിയതോടെ ഈ ചിത്രം റിലീസിന് മുന്‍പേ കൂടുതല്‍ കൗതുകം ഉണര്‍ത്തി. വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്‍റെ ഓപണിംഗ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ രണ്ടാം ദിവസത്തെ കളക്ഷന്‍ സംബന്ധിച്ചുള്ള കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 1.75 കോടിയാണ്. രണ്ടാം ദിനത്തിലെ കളക്ഷനും സാക്നില്‍ക് ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. 1.23 കോടിയാണ് ചിത്രത്തിന്‍റെ വെള്ളിയാഴ്ചത്തെ നേട്ടം. എന്നാല്‍ ഇന്ത്യയില്‍ നിന്ന് മാത്രമുള്ള നെറ്റ് കളക്ഷനാണ് ഇത്. അതായത് ആദ്യ രണ്ട് ദിവസം കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 2.98 കോടിയാണ്. ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രം എത്തരത്തില്‍ കളക്റ്റ് ചെയ്യും എന്നതാണ് ട്രാക്കര്‍മാര്‍ ഉറ്റുനോക്കുന്നത്.
വ്യാഴാഴ്ച കേരളത്തില്‍ 200 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടതെങ്കില്‍ രണ്ടാം ദിനം ഇത് 225 സ്ക്രീനുകളായി മാറിയിരുന്നു. ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം. ഡൊമിനിക്കിന്‍റെ അസിസ്റ്റന്‍റ് ആയി ഗോകുല്‍ സുരേഷും ചിത്രത്തില്‍ എത്തുന്നു. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ ബാനര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. സമീപകാലത്ത് മമ്മൂട്ടി തെരഞ്ഞെടുക്കുന്ന വ്യത്യസ്തമായ തിരക്കഥകളുടെ തുടര്‍ച്ചയാണ് ഈ ചിത്രവും.
ALSO READ : ഇതാണ് 'എസ് ഐ സന്തോഷ്'; 'പ്രാവിന്‍കൂട് ഷാപ്പി'ലെ 'ഷാര്‍പ്പ് ഷൂട്ടര്‍' സോംഗ് എത്തി