
മലയാളത്തിലേതിനേക്കാള്‍ വലിയ ബോക്സ് ഓഫീസ് മത്സരമാണ് മറ്റു ഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ ഉള്ളത്. താരമൂല്യത്തില്‍ ഇടിവ് വരാതെ സൂക്ഷിക്കാന്‍ വലിയ ബോക്സ് ഓഫീസ് വിജയങ്ങള്‍ അവര്‍ക്ക് ആവശ്യമാണുതാനും. വലിയ താരങ്ങളുടെ പ്രധാന ചിത്രങ്ങള്‍ ഏത് ഭാഷയിലും ഇന്ന് ഇറങ്ങുമ്പോള്‍ സിനിമ എങ്ങനെയുണ്ട് എന്ന ചോദ്യത്തിനൊപ്പമോ അതിനേക്കാള്‍ പ്രസ്ക്തവുമാണ് ഇന്ന് അതിനെത്ര കളക്ഷന്‍ ലഭിച്ചു എന്നത്. ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ ലഭിക്കുന്ന തെലുങ്കില്‍ നിന്ന് ഒരു ശ്രദ്ധേയ ചിത്രം നാളെ പുറത്തിറങ്ങുന്നുണ്ട്. പവന്‍ കല്യാണ്‍ നായകനായ ഹരി ഹര വീര മല്ലു ആണ് അത്.
പിരീഡ് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇരട്ട സംവിധായകരായ കൃഷ് ജഗര്‍ലമുഡിയും എ എം ജ്യോതി കൃഷ്ണയും ചേര്‍ന്നാണ്. ചിത്രത്തിന്‍റെ ഓപണിംഗ് ബോക്സ് ഓഫീസ് സാധ്യതകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് റിലീസിന് തൊട്ടുമുന്‍പായി പുരോഗമിക്കുന്നത്. ചിത്രത്തിന്‍റെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള അനുമതി നിര്‍മ്മാതാക്കള്‍ക്ക് ആന്ധ്ര, തെലങ്കാന സര്‍ക്കാരുകള്‍ നല്‍കിയിട്ടുണ്ട്.
തെലങ്കാനയില്‍ ഇന്ന് നടക്കുന്ന പെയ്ഡ് പ്രീമിയര്‍ ഷോകളുടെ ടിക്കറ്റ് നിരക്ക് 600 രൂപയും ജിഎസ്ടിയും ആണ്. ആന്ധ്രയില്‍ ഇത് 700 രൂപയും. വാരാന്ത്യത്തില്‍ തെലങ്കാനയിലെ സിംഗിള്‍ സ്ക്രീനുകളിലെ ടിക്കറ്റ് നിരക്ക് 354 രൂപയും മള്‍ട്ടിപ്ലെക്സുകളിലേത് 531 രൂപയും ആണ്. 200 രൂപയാണ് ടിക്കറ്റ് ഒന്നിന് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രതിദിനം അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. അഞ്ചാം ദിനം മുതല്‍ പതിനൊന്നാം ദിനം വരെ സിംഗിള്‍ സ്ക്രീനുകളിലെ ടിക്കറ്റ് നിരക്ക് 302 രൂപയും മള്‍ട്ടിപ്ലെക്സുകളിലേത് 472 രൂപയും ആയിരിക്കും.
ആന്ധ്രയില്‍ മള്‍ട്ടിപ്ലെക്സുകള്‍ക്ക് ടിക്കറ്റ് ഒന്നിന് 200 രൂപ വര്‍ധിപ്പിക്കാനാണ് അനുമതി. സിംഗിള്‍ സ്ക്രീനുകളില്‍ ബാല്‍ക്കണി ടിക്കറ്റിന് 150 രൂപ അധികവും ഫസ്റ്റ് ക്ലാസിന് 100 രൂപ അധികവും. ആന്ധ്രയിലെ ഈ നിരക്ക് വര്‍ധന നാളെ മുതല്‍ ഓഗസ്റ്റ് 2 വരെ ആയിരിക്കും. അതേസമയം ടിക്കറ്റ് നിരക്കില്‍ ഇത്രയും വര്‍ധന വരുത്തിയാലും ചിത്രം ഈ വര്‍ഷം തെലുങ്കിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓപണറേ ആവൂ എന്നാണ് വിലയിരുത്തല്‍. 54 കോടി ഓപണിംഗ് നേടിയ രാം ചരണ്‍ ചിത്രം ഗെയിം ചേഞ്ചറിന് താഴെ രണ്ടാം സ്ഥാനം ഹരി ഹര വീര മല്ലു നേടും എന്ന് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നു.