മലയാള സിനിമയിലെ നായക നടന്മാരുടെ ഏറ്റവും വലിയ സോളോ ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടിക
മലയാള സിനിമ അതിന്‍റെ നല്ല കാലത്തിലൂടെ കടന്നുപോവുകയാണെന്ന് സമീപ വര്‍ഷങ്ങളില്‍ സിനിമകള്‍ നേടുന്ന വലിയ വിജയങ്ങള്‍ പരിശോധിച്ചാല്‍ മനസിലാവും. സാമ്പത്തിക വിജയത്തിനൊപ്പം മറുഭാഷാ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്ന നിലയിലേക്കും നമ്മുടെ സിനിമ വളര്‍ന്നിട്ടുണ്ട്. ലോകയിലൂടെ 300 കോടി ക്ലബ്ബിലേക്കും കടന്നുചെന്നിരിക്കുകയാണ് മോളിവുഡ് ഇപ്പോള്‍. ഒരു അഞ്ച് വര്‍ഷം മുന്‍പ് പോലും ചിന്തിക്കാന്‍ പ്രയാസമുള്ള കാര്യമായിരുന്നത് ഇന്ന് ഒരു യാഥാര്‍ഥ്യമാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ കൗതുകം പകരുന്ന ഒരു ബോക്സ് ഓഫീസ് ലിസ്റ്റ് പുറത്തെത്തിയിട്ടുണ്ട്. മലയാളത്തിലെ നായക നടന്മാരുടെ ഏറ്റവും വലിയ സോളോ ബോക്സ് ഓഫീസ് ഹിറ്റുകള്‍ ഏതൊക്കെയെന്ന നോട്ടമാണ് അത്. 12 താരങ്ങളുടെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രങ്ങളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതനുസരിച്ചുള്ള റാങ്കിംഗും അതില്‍ കാണാം. ട്രാക്കര്‍മാരായ സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസിന്‍റെയാണ് ലിസ്റ്റ്.
ഒന്നാമന്‍ മോഹന്‍ലാല്‍
ഇത് പ്രകാരം ഒന്നാം സ്ഥാനത്ത് മോഹന്‍ലാല്‍ തന്നെയാണ്. എമ്പുരാന്‍ ആണ് ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 266.3 കോടി. രണ്ടാം സ്ഥാനത്ത് പൃഥ്വിരാജും (ആടുജീവിതം) മൂന്നാം സ്ഥാനത്ത് ഫഹദ് ഫാസിലുമാണ് (ആവേശം). ആടുജീവിതം 158.5 കോടിയും ആവേശം 156 കോടിയുമാണ് നേടിയത്. സര്‍വ്വം മായയിലൂടെ ലിസ്റ്റിലേക്ക് സര്‍പ്രൈസ് എന്‍ട്രി നടത്തിയ നിവിന്‍ പോളിയാണ് നാലാം സ്ഥാനത്ത്. 150.5 കോടിയാണ് ചിത്രത്തിന്‍റെ ആഗോള ഗ്രോസ്. മലയാളത്തിലെ യുവതലമുറയിലെ പുതിയ താരോദയം നസ്‍ലെന്‍ ആണ് അഞ്ചാം സ്ഥാനത്ത്. ചിത്രം പ്രേമലു. 136.25 കോടിയാണ് കളക്ഷന്‍. ആറാമത് ടൊവിനോ തോമസും. ചിത്രം എആര്‍എം. കളക്ഷന്‍ 106.75 കോടി.
ഉണ്ണി മുകുന്ദനാണ് ഏഴാം സ്ഥാനത്ത്. ചിത്രം മാര്‍ക്കോ. പാന്‍ ഇന്ത്യന്‍ അപ്പീല്‍ നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 103 കോടി ആയിരുന്നു. ലിസ്റ്റില്‍ 8, 9, 10 സ്ഥാനങ്ങളില്‍ മമ്മൂട്ടി (ഭീഷ്മ പര്‍വ്വം), പ്രണവ് മോഹന്‍ലാല്‍ (ഡീയസ് ഈറേ), ദുല്‍ഖര്‍ സല്‍മാന്‍ (കുറുപ്പ്) എന്നിവരാണ്. ഭീഷ്മ പര്‍വ്വം 88.10 കോടിയും ഡീയസ് ഈറേ 82.5 കോടിയും കുറുപ്പ് 81 കോടിയുമാണ് നേടിയത്. പതിനൊന്നാമത് ആസിഫ് അലിയും പന്ത്രണ്ടാമത് കുഞ്ചാക്കോ ബോബനുമാണ്. ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം 77 കോടി നേടിയപ്പോള്‍ കുഞ്ചാക്കോ ബോബന്‍റെ ഓഫീസര്‍ നേടിയത് 54.25 കോടിയാണ്.



