
മോഹന്‍ലാലിനെ സംബന്ധിച്ച് സമീപ വര്‍ഷങ്ങള്‍ എടുത്താല്‍ കരിയറില്‍ ഏറ്റവും നേട്ടമുണ്ടായ വര്‍ഷമാണ് ഇത്. നായകനായി എത്തിയ മൂന്ന് ചിത്രങ്ങളും തിയറ്ററുകളിലേക്ക് ജനത്തെ കാര്യമായി എത്തിച്ചു. ബോക്സ് ഓഫീസ് കളക്ഷനില്‍ അവ പലപ്പോഴും വാര്‍ത്ത സൃഷ്ടിച്ചു. ഒപ്പം ഇപ്പോഴിതാ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവുമായി. എമ്പുരാന്‍, തുടരും എന്നിവയ്ക്ക് പിന്നാലെ ഈ വര്‍ഷമെത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഹൃദയപൂര്‍വ്വം. മൂന്ന് ദിനങ്ങള്‍ക്കിപ്പുറം ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ ഫൈനല്‍ കളക്ഷന്‍ കണക്കുകള്‍ എത്രയെന്ന് നോക്കാം.
ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു ഈ ചിത്രത്തിന്‍റെ യുഎസ്‍പി. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഫീല്‍ ഗുഡ് ഫാമിലി ഡ്രാമ ഗണത്തില്‍ പെട്ട ചിത്രം സത്യന്‍ അന്തിക്കാട് ഫ്ലേവറിലുള്ള ഒരു ചിത്രം ആയിരിക്കുമ്പോള്‍ത്തന്നെ പ്രമേയത്തിലും അവതരണത്തിലുമൊക്കെ ഫ്രെഷ്നസ് ഉള്ള ചിത്രമായിരുന്നു. മോഹന്‍ലാലിന്‍റെ ഒരു ഫീല്‍ ഗുഡ് ചിത്രം കുറച്ച് കാലത്തിന് ശേഷവുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അതിന്‍റെ ഗുണം ചിത്രത്തിനും ഉണ്ടായി.
ഓണത്തിന് തിയറ്ററുകളിലെ പ്രേക്ഷകരുടെ തെരഞ്ഞെടുപ്പില്‍ ഇടംപിടിക്കാന്‍ ഹൃദയപൂര്‍വ്വത്തിന് സാധിച്ചു. അത് ബോക്സ് ഓഫീസിലും നേട്ടമായി മാറി. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 39.67 കോടിയാണ്. ഗ്രോസ് 46.19 കോടിയും. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം 75 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. 75.44 കോടി എന്നതാണ് സാക്നില്‍കിന്‍റെ കണക്ക്.
അതേസമയം ഒടിടി റിലീസിന് മുന്‍പ് തിയറ്ററുകളില്‍ ചിത്രത്തിന് ഇന്ന് കൂടി കൂട്ടി മൂന്ന് ദിവസമേ ലഭിക്കൂ. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെ 26 നാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിക്കുക. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനും സംഗീത് പ്രതാപും സംഗീതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇടവേളയ്ക്ക് ശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്. പൂനെയാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.