
തമിഴ് സിനിമകളുടെ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റ് നിര്‍മ്മാതാക്കളെ സംബന്ധിച്ച് വലിയ ആവേശം പകരുന്നതല്ല. നിലവില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രങ്ങള്‍ക്കെല്ലാം ഹിന്ദി പതിപ്പും ഉണ്ടാവാറുണ്ട്. എന്നാല്‍ അതില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടുന്ന ചിത്രങ്ങള്‍ നാമമാത്രമാണു താനും. അതേസമയം 2.0 (238 കോടി), കൂലി (50 കോടി), കബാലി (37 കോടി) തുടങ്ങി ഹിന്ദി പതിപ്പിന്‍റെ കളക്ഷനില്‍ ഞെട്ടിച്ച ചിത്രങ്ങളും ഉണ്ട്. ഇപ്പോഴിതാ ഹിന്ദി പതിപ്പില്‍ വലിയ പ്രതീക്ഷ ഇല്ലാതെയെത്തിയ മറ്റൊരു തമിഴ് ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുകയാണ്. വിജയിന്‍റെ അവസാനചിത്രമായ ജനനായകനാണ് അത്.
ജന്‍ നേതാ എന്ന പേരിലെത്തിയ ഹിന്ദി പതിപ്പിന് വലിയ പ്രീ റിലീസ് പബ്ലിസിറ്റിയൊന്നും അണിയറക്കാര്‍ നല്‍കിയിരുന്നില്ല. അതേസമയം സെന്‍സര്‍ പ്രതിസന്ധി കടന്നെത്തിയ ചിത്രം ആ രീതിയില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒന്നുമാണ്. 23 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. റിലീസ് ദിനത്തില്‍ 2.55 കോടി നേടിയ ഹിന്ദി പതിപ്പ് രണ്ടാം ദിനം കളക്ഷന്‍ വര്‍ധിപ്പിച്ചു. 2.74 കോടി ആയിരുന്നു രണ്ടാം ദിനത്തിലെ കളക്ഷന്‍. മൂന്നാം ദിനമാവട്ടെ ഇത് വീണ്ടും കൂടി. 3.46 കോടിയാണ് മൂന്നാം ദിനത്തിലെ കളക്ഷന്‍. ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് 8.75 കോടി ഗ്രോസും 7.26 കോടി നെറ്റും. നാലാം ദിനവും ഞായറാഴ്ചയുമായ ഇന്ന് ചിത്രം 10 കോടി ഉറപ്പായും കടക്കുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.
പൊങ്കല്‍ റിലീസ് ആയി ഈ വര്‍ഷം ജനുവരിയില്‍ എത്തേണ്ട ചിത്രമായിരുന്നു ഇത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്തതിനാല്‍ റിലീസ് നീണ്ടു. ഇതിനിടെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയും വന്‍ ഭൂരിപക്ഷത്തോടെ വിജയിന്‍റെ പാര്‍ട്ടിയായ ടിവികെ അധികാരത്തില്‍ എത്തുകയും അദ്ദേഹം മുഖ്യമന്ത്രി ആവുകയും ചെയ്തു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വിജയ് പറഞ്ഞിരുന്നു. അതിന് മുന്‍പ് അദ്ദേഹം അവസാനമായി കമ്മിറ്റി ചെയ്ത ചിത്രമായിരുന്നു ജനനായകന്‍. എച്ച് വിനോദ് ആണ് ചിത്രത്തിന്‍റെ സംവിധാനം. ഈ ആറ് മാസങ്ങള്‍ക്കിടെ ചിത്രത്തിന്‍റെ വ്യാജ പതിപ്പും കാര്യമായി പ്രചരിച്ചിരുന്നു. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.