വണ്‍ ലാസ്റ്റ് ടൈം അല്ലേ, എങ്ങനെ കാണാതിരിക്കും? 'ജനനായകന്‍' ഇതുവരെ കേരളത്തില്‍ നിന്ന് എത്ര നേടി? ഔദ്യോഗിക പ്രഖ്യാപനം

Published : Jul 29, 2026, 04:43 PM IST
jana nayagan kerala box office collection till now thalapathy vijay h vinoth kvn productions

Synopsis

ദളപതി വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ ജനനായകന്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്

കോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരം ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. ദളപതി വിജയ് എന്നാണ് അത്. മലയാളികളെ സംബന്ധിച്ചും അവരുടെ പ്രിയ താരങ്ങളില്‍ ഏറ്റവും മുന്‍നിരയില്‍ ഉണ്ട് ആ പേര്. കേരളത്തിലെ ഓപണിംഗ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലപ്പോഴും കൈയാളിയിട്ടുണ്ട് വിജയ് ചിത്രങ്ങള്‍. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും ഒടുവിലത്തെ ചിത്രമായി പരിഗണിക്കപ്പെടുന്ന ജനനായകന്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം കേരളത്തില്‍ നിന്ന് എത്ര നേടി? കളക്ഷന്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച, 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. പൊങ്കല്‍ റിലീസ് ആയി ഈ വര്‍ഷം ജനുവരി 9 ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണിത്. എന്നാല്‍ സെന്‍സര്‍ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആറ് മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രം വെളിച്ചം കണ്ടത്. ഈ ഇടവേളയില്‍ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പുറത്തെത്തുകയും അത് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വാരം പുറത്തെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ വിജയിന്‍റെ താരമൂല്യം എത്രയെന്ന് വീണ്ടും തെളിയിക്കുകയാണ് ബോക്സ് ഓഫീസില്‍ ചിത്രം. കേരളത്തില്‍ ഇതുവരെ നേടിയ കളക്ഷന്‍ എത്രയെന്ന് അറിയിച്ചിരിക്കുന്നത് ഇവിടുത്തെ വിതരണക്കാരായ എസ്എസ്ആര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ആണ്.

കേരളത്തില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 14.25 കോടിയാണെന്ന് വിതരണക്കാര്‍ അറിയിക്കുന്നു. ആറ് മാസം പെട്ടിയിലിരുന്ന, വ്യാജ പതിപ്പുകള്‍ പ്രചരിച്ച, സമ്മിശ്ര അഭിപ്രായം നേടിയ ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇതെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം വരാനില്ല. നന്ദമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണിത്. തിരക്കഥയും സംവിധാനവും എച്ച് വിനോദ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രം സ്വാഭാവികമായും വിജയിന്‍റെ രാഷ്ട്രീയ നേട്ടത്തിന് ഉതകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ചിത്രം ഇപ്പോഴാണ് ഇറക്കാനായത് എന്നത് മറ്റൊരു കാര്യം. ഒടുവില്‍ ചിത്രം എത്തുമ്പോള്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രി കസേരയിലാണ് എന്നതും കൗതുകം. കന്നഡത്തിലെ പ്രമുഖ ബാനര്‍ ആയ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇതെന്ത് മാജിക്ക്! ഉത്തരേന്ത്യന്‍ ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജനനായകന്‍', ഓരോ ദിവസവും കളക്ഷന്‍ കൂട്ടി ഹിന്ദി പതിപ്പ്
സമ്മിശ്ര അഭിപ്രായത്തിലും വീണില്ല, പക്ഷേ ആ നേട്ടം കൈവിട്ട് 'ജനനായകന്‍'; വിജയ് ചിത്രം ആദ്യ ദിനം നേടിയത്