
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ തമിഴ് താരമാണ് ജീവ. ഒരുകാലത്ത് ജീവയുടെ സിനിമകൾക്ക് കേരളത്തിൽ ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. എന്നാൽ ഇടയ്ക്ക് എപ്പോഴോ ജീവയ്ക്ക് അടി പതറി. റിലീസ് ചെയ്ത പല സിനിമകളും വേണ്ടത്ര പ്രകടനം കാഴ്ചവച്ചില്ല. എന്നാൽ ഒരു വലിയ ഇടവേളയ്ക്ക് ശേഷം തന്റെ പഴയ പ്രതാപം തിരിച്ച് പിടിച്ചിരിക്കുകയാണ് ജീവ. തലൈവർ തമ്പി തലമയിൽ(ടിടിടി) എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ വലിയ തിരിച്ചു വരവ്.
നിതീഷ് സഹദേവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ തലൈവർ തമ്പി തലമയിൽ ജനുവരി 15ന് ആയിരുന്നു റിലീസ് ചെയ്തത്. പൊങ്കൽ റിലീസായാണ് എത്തിയത്. ആദ്യ ഷോ കഴിഞ്ഞത് മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം മൗത്ത് പബ്ലിസിറ്റി സ്വന്തമാക്കി. കേരളത്തിൽ അടക്കം മികച്ച പ്രതികരണം നേടി മുന്നോട്ടു പോകുന്ന ടിടിടിയുടെ ബോക്സ് ഓഫീസ് വിവരങ്ങൾ പുറത്തുവരികയാണ് ഇപ്പോൾ. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത നാല് ദിവസത്തിൽ 18 കോടി രൂപയാണ് ജീവ ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യ നെറ്റ് 14.85 കോടി, ഗ്രോസ് 17.55 കോടിയുമാണ്. ഓവർസീസിൽ നിന്നും 45 ലക്ഷം രൂപയാണ് ചിത്രം നേടിയത്.
റിലീസ് ചെയ്ത നാല് ദിവസത്തിൽ തന്നെ മുടക്കു മുതൽ ടിടിടി തിരിച്ചു പിടിച്ചെന്നും സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. 10 കോടിയാണ് പടത്തിന്റെ മുതൽ മുടക്ക്. തമിഴ്നാട്ടിൽ നിന്നും 16.1 കോടി രൂപയാണ് പടം കളക്ട് ചെയ്തത്. കര്‍ണാടക 83 ലക്ഷം, കേരളം 62 ലക്ഷം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കളക്ഷന്‍ കണക്ക്.
പക്കാ തമിഴ് ഗ്രാമപശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമാണ് ടിടിടി. ഒരു കല്യാണവീട്ടിലും അയൽവീട്ടിലുമായി നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സാൻജോ ജോസഫ്, അനുരാജ് ഒ.ബി എന്നിവർ ചേർന്നാണ് രചന. ജീവയ്ക്ക് ഒപ്പം പ്രാർത്ഥന നാഥനും തമ്പി രാമയ്യയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. എന്തായാലും ജനനായകന്റെ റിലീസ് മാറ്റത്തിൽ പൊങ്കൽ റിലീസായി എത്തിയ ടിടിടി വൻ വിജയത്തിലേക്ക് കുതിക്കുകയാണ്.