
സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മമ്മൂട്ടിയെപ്പോലെ മലയാളികളെ സ്ഥിരമായി വിസ്‍മയിപ്പിച്ചിട്ടുള്ള താരങ്ങള്‍ കുറവാണ്, പ്രത്യേകിച്ചും സമീപകാലത്ത്. അതില്‍ത്തന്നെ ഏറ്റവും ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തെത്തിയ കളങ്കാവല്‍. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു സീരിയല്‍ കില്ലര്‍ ആണ് മമ്മൂട്ടിയുടെ കഥാപാത്രം. സ്റ്റാന്‍ലി ദാസ് എന്ന ഈ കഥാപാത്രം നായകനല്ല എന്നതാണ് മറ്റൊരു ശ്രദ്ധേയ വസ്തുത. പ്രതിനായകനാണ് ചിത്രത്തില്‍ മമ്മൂട്ടി. വിനായകനാണ് നായകന്‍. ഈ മാസം 5 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും ഒടുവിലത്തെ സമഗ്രമായ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
20 ദിവസത്തെ, അതായത് ഡിസംബര്‍ 24 വരെയുള്ള വിവിധ മാര്‍ക്കറ്റുകളിലെ കളക്ഷന്‍ പ്രത്യേകം പറഞ്ഞുകൊണ്ടുള്ള റിപ്പോര്‍ട്ട് ആണ് പുറത്തെത്തിയിരിക്കുന്നത്. ഇത് പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് 36.2 കോടിയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 6.85 കോടി. കേരളത്തിലേതിനെ മറികടക്കുന്ന കളക്ഷനാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത്. 4.371 മില്യണ്‍ ഡോളര്‍ ആണ് വിദേശത്ത് ആകെ. അതായത് 39.55 കോടി. കേരളത്തിലേതിനെ മറികടക്കുന്ന കളക്ഷന്‍ വിദേശത്ത് നേടുക എന്നത് അപൂര്‍വ്വമാണ്. എല്ലാ മാര്‍ക്കറ്റുകളിലേതും ചേര്‍ത്ത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് കളങ്കാവല്‍ 20 ദിവസം കൊണ്ട് നേടിയിരിക്കുന്നത് 82.60 കോടി രൂപയാണ്. ബജറ്റ് പരിഗണിച്ചാല്‍ ചിത്രം സൂപ്പര്‍ഹിറ്റ് സ്റ്റാറ്റസില്‍ ഇതിനോടകം എത്തിയിട്ടുണ്ട്.
മമ്മൂട്ടി കമ്പനി സമീപകാലത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രൊമോഷന്‍ നടത്തിയ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലൂടെ മറ്റൊരു നവാഗത സംവിധായകനെക്കൂടി മമ്മൂട്ടി മലയാള സിനിമയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ജിതിന്‍ കെ ജോസ് ആണ് ആ സംവിധായകന്‍. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കിയ ജിതിന്‍ കെ ജോസിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റമാണ് കളങ്കാവല്‍. ജിതിന്‍ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്.