രണ്ടാം വരവിലും 'സേതുമാധവനെ' സ്വീകരിച്ചോ പ്രേക്ഷകര്‍? 'കിരീടം' ആദ്യ 2 ദിവസം നേടിയ കളക്ഷന്‍

Published : Jul 12, 2026, 10:32 PM IST
kireedam 4k re release 2 days box office mohanlal siby malayil lohithadas thilakan

Synopsis

37 വർഷങ്ങൾക്ക് ശേഷം 4കെ റെസ്റ്റൊറേഷനോടെ തിയറ്ററുകളിലെത്തിയ ക്ലാസിക് ചിത്രം സ്വീകരിക്കപ്പെട്ടോ?

മലയാളത്തിലെ റീ റിലീസുകളില്‍ ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് കിരീടം. ഇതിന് മുന്‍പ് എത്തിയ ചിത്രങ്ങള്‍ റീ റിലീസ് മുന്നില്‍ക്കണ്ട് നിര്‍മ്മാതാക്കള്‍ തന്നെ റെസ്റ്റൊറേഷന്‍ നടത്തിയവ ആയിരുന്നെങ്കില്‍ കിരീടത്തിന്‍റെ കാര്യത്തില്‍ അങ്ങനെയല്ല. നാഷണല്‍ ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷനും നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ 4 കെ റെസ്റ്റൊറേഷന്‍ നിര്‍വ്വഹിച്ചത്. മലയാള സിനിമയിലെ ക്ലാസിക് ട്രാജഡിയായി വാഴ്ത്തപ്പെടുന്ന ചിത്രം നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തിയത്. ഛോട്ടാ മുംബൈ അടക്കം മോഹന്‍ലാലിന്‍റെ പല റീ റിലീസുകളും ബോക്സ് ഓഫീസില്‍ വിജയമായിരുന്നു. എന്നാല്‍ കിരീടം പോലെ ഭാരമുള്ള ഒരു അനുഭവത്തിന്‍റെ റീ റിലീസിന് പ്രേക്ഷകര്‍ എത്തുമോ? ബോക്സ് ഓഫീസ് കണക്കുകള്‍ എങ്ങനെയെന്ന് നോക്കാം.

ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ആദ്യ രണ്ട് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 9.20 ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ്. കേരളത്തിന് പുറത്തെ സെന്‍ററുകളില്‍ നിന്ന് 60,000 രൂപയും ചിത്രം കളക്റ്റ് ചെയ്തതായും ട്രാക്കര്‍മാര്‍ അറിയിക്കുന്നു. ട്രാജിക് ആയ കഥ പറയുന്ന ചിത്രമായതിനാലും യുട്യൂബില്‍ ഭേദപ്പെട്ട പതിപ്പ് ഇപ്പോഴും ലഭ്യമായതും പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് കാര്യമായി എത്താന്‍ തടസം നിന്നിരിക്കാം. അതേസമയം ചിത്രം കണ്ട പ്രേക്ഷകര്‍ തിയറ്ററില്‍ എത്തിയ റെസ്റ്റോര്‍ഡ് പതിപ്പിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് പങ്കുവെക്കുന്നത്. തിലകനും കവിയൂര്‍ പൊന്നമ്മയും ഒടുവില്‍ ഉണ്ണികൃഷ്ണനും ശങ്കരാടിയും തുടങ്ങി ചിത്രത്തിലെ പല പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചവര്‍ മണ്‍മറഞ്ഞു എന്നത് പ്രേക്ഷകര്‍ക്കും നൊമ്പരമാണ് സമ്മാനിക്കുക.

സിബി മലയിലിന്‍റെയും ലോഹിതദാസിന്‍റെയും മോഹന്‍ലാലിന്‍റെയുമൊക്കെ കരിയറുകളില്‍ ഏറ്റവും വൈകാരികത നിറഞ്ഞ ചിത്രങ്ങളിലൊന്നാണ് കിരീടം. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൗര്‍ഭാഗ്യവാനായ കഥാപാത്രങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവന്‍ എന്ന നായകന്‍. മകനെ ഒരു എസ് ഐ ആയി കാണണമെന്ന ആഗ്രഹവുമായി നടക്കുന്ന ആളാണ് ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായര്‍. എന്നാല്‍ ജോലിയില്‍ എപ്പോഴും ആത്മാര്‍ഥത കാണിക്കുന്ന അച്യുതന്‍ നായര്‍ക്ക് അക്കാരണം കൊണ്ടുതന്നെ കിട്ടുന്ന ഒരു ട്രാന്‍സ്ഫര്‍ അയാളുടെയും കുടുംബത്തിന്‍റെയും മുന്നോട്ടുള്ള ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുന്നു. എസ് ഐ ആകേണ്ട മകന്‍ അവസാനം നാട്ടുകാര്‍ പേടിക്കുന്ന ഒരു ഗുണ്ടയുടെ മുള്‍ക്കിരീടം അണിയേണ്ടി വരികയാണ്. അച്യുതന്‍ നായരായി തിലകനാണ് എത്തിയത്. മോഹന്‍ലാലും തിലകനും ചേര്‍ന്ന അച്ഛന്‍- മകന്‍ കോമ്പിനേഷന്‍ ആയിരുന്നു ചിത്രത്തിന്‍റെ ആത്മാവ്.

PREV
Read more Articles on
click me!

Recommended Stories

അഡ്വാന്‍സ് ബുക്കിംഗ് ഒരു വര്‍ഷം മുന്‍പ്, ഇന്ന് ടിക്കറ്റൊന്നിന് ബ്ലാക്കില്‍ 47,000 രൂപ! മറ്റൊരു ചിത്രത്തിനുമില്ലാത്ത ഹൈപ്പില്‍ ആ സിനിമ
ഒരു കോടിയുടെ പ്രീ സെയില്‍, ബുക്ക് മൈ ഷോയില്‍ ഒന്നാമത്; 'ഐ നോബഡി' നാളെ തിയറ്ററുകളിലേക്ക്