ഒരു വര്‍ഷം മുന്‍പ് അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയിരുന്നു
താരങ്ങളേക്കാള്‍ മൂല്യമുള്ള സംവിധായകരുണ്ട് ലോകസിനിമയില്‍. അതിലൊരാളാണ് ഹോളിവുഡ് സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്‍. ഒരു ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം പ്രഖ്യാപിച്ചാല്‍ അത് കാണാനായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ ലോകമെമ്പാടുമുണ്ട്. കരിയറില്‍ ഇതുവരെ 12 സിനിമകള്‍ മാത്രം ചെയ്തിട്ടുള്ള നോളന്‍റെ പതിമൂന്നാമത്തെ ചിത്രത്തിന്‍റെ പ്രീമിയര്‍ ഈ മാസം 6 ന് ലണ്ടനില്‍ നടന്നിരുന്നു. തിയറ്റര്‍ റിലീസ് ഈ മാസം 17 ന് ആണ്. ഹോമറിന്‍റെ ഗ്രീക്ക് ഇതിഹാസമായ ഒഡീയിലെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ പേര് ദി ഒഡീസി എന്നാണ്. ഇപ്പോഴിതാ ആഗോള തലത്തില്‍ ചിത്രത്തിന്‍റെ ഹൈപ്പ് എത്രയെന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്.
ആഗോള തലത്തില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രമാണ് ഒഡീസി. 70 എംഎം ഐമാക്സ് സ്ക്രീനുകളിലെ ടിക്കറ്റുകള്‍ക്കാണ് ഏറ്റവും ഡിമാന്‍ഡ്. ഈ സ്ക്രീനുകളിലെ ടിക്കറ്റുകളുടെ വില്‍പ്പന റിലീസ് ദിനത്തില്‍ നിന്ന് കൃത്യം ഒരു വര്‍ഷം മുന്‍പേ. അതായത് 2025 ജൂലൈ 17 ന് ആരംഭിച്ചിരുന്നു. മണിക്കൂറുകള്‍ക്കകം ആദ്യമെത്തിയ ടിക്കറ്റുകളൊക്കെയും വിറ്റുപോയിരുന്നു. ജൂണില്‍ മുഴുവന്‍ ഷോകളുടെയും ടിക്കറ്റുകള്‍ എത്തിയപ്പോള്‍ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകള്‍ ക്രാഷ് ആവുന്ന സ്ഥിതിയും ഉണ്ടായിരുന്നു. അമേരിക്കയില്‍ ന്യൂയോര്‍ക്കിലെയും ലോസ് ഏഞ്ചല്‍സിലെയും പ്രധാന സ്ക്രീനുകളിലൊക്കെ ആഴ്ചകളോളം ഒരു ടിക്കറ്റ് പോലും ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്.
ഈ അവസരം മുതലാക്കുകയാണ് ബ്ലാക്ക് മാര്‍ക്കറ്റ്. 500 ഡോളറിന് (47,701 രൂപ) മുകളില് വരെയാണ് ബ്ലാക്ക് മാര്‍ക്കറ്റില്‍ യുഎസിലെ പല പ്രധാന ലൊക്കേഷനുകളിലെ ടിക്കറ്റുകള്‍ക്കും വിലയെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ ഒരു മാസം മുന്‍പ് ഐമാക്സ് ടിക്കറ്റുകള്‍ വില്‍പ്പന തുടങ്ങിയിരുന്നു. മുംബൈയിലെയും ദില്ലിയിലെയും പ്രീമിയം ഐമാക്സ് തിയറ്ററുകളില്‍ 3300 രൂപ വരെയൊക്കെയാണ് ടിക്കറ്റ് നിരക്ക്. 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ട, ലോകസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട കൃതികളിലൊന്ന് ലോകസിനിമയിലെ ഏറ്റവും പേരെടുത്ത സംവിധായകന്‍ എങ്ങനെ സ്ക്രീനിലാക്കിയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. യൂണിവേഴ്സല്‍ പിക്ചേഴ്സും സൈന്‍കോപ്പിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ വിതരണം യൂണിവേഴ്സല്‍ പിക്ചേഴ്സ് ആണ്. മാറ്റ് ഡാമണ്‍ ആണ് ഒഡീസിയസ് ആയി സ്ക്രീനില്‍ എത്തുന്നത്.



