
മലയാള സിനിമയിലെ സമീപകാല ബിഗ് ഹിറ്റുകളുടെ നിരയിലേക്ക് എത്തുകയാണ് ഓണം റിലീസ് ആയി എത്തിയ ലോക. മലയാളത്തില്‍ നിന്നുള്ള സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയായ ലോകയുടെ ആദ്യ ഭാഗമായ ചന്ദ്രയാണ് ഓണം റിലീസ് ആയി എത്തിയത്. ഓഗസ്റ്റ് 28 നായിരുന്നു ചിത്രത്തിന്‍റെ ആഗോള റിലീസ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഉണ്ടായിരുന്നില്ലെങ്കിലും മലയാളത്തില്‍ അപൂര്‍വ്വമായ സൂപ്പര്‍ഹീറോ ജോണറില്‍ എത്തുന്ന ചിത്രമായതിനാല്‍ ചിത്രം കാത്തിരിപ്പ് ഉയര്‍ത്തിയിരുന്നു. ആദ്യ ഷോകളോടെ ചിത്രം വന്‍ വിജയത്തിലേക്കുള്ള കുതിപ്പ് തുടങ്ങി. കാരണം അത്രത്തോളം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിന് പുറത്ത് തമിഴ്, തെലുങ്ക് ഭാഷാ പതിപ്പുകളും ജനപ്രീതി നേടിയതോടെ വലിയ ബോക്സ് ഓഫീസ് സാധ്യതകളുടെ കവാടത്തിന് മുന്നിലാണ് ഇപ്പോള്‍ ചിത്രം. ഇപ്പോഴിതാ റിലീസിന്‍റെ ആറാം ദിനത്തിലെ കളക്ഷന്‍ കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്.
ട്രാക്കര്‍മാരുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചിത്രം ഇതിനകം നേടിയിരിക്കുന്നത് 93 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള സംഖ്യയാണ് ഇത്. ഇത് ശരിയാണെങ്കില്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായ ഭീഷ്മ പര്‍വ്വത്തിന്‍റെയും മോഹന്‍ലാല്‍ നായകനായ നേരിന്‍റെയും പൃഥ്വിരാജ് നായകനായ ഗുരുവായൂരമ്പല നടയിലിന്‍റെയുമൊക്കെ ലൈഫ് ടൈം കളക്ഷന്‍ ഈ ചിത്രം മറികടന്നിട്ടുണ്ട്. നേര് 86 കോടിയും ഭീഷ്‍മപര്‍വ്വം 88 കോടിയും ഗുരുവായൂരമ്പല നടയില്‍ 90 കോടിയും ആണ് നേടിയിരുന്നത്.
മലയാളത്തിലെ എക്കാലത്തെയും കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ 12-ാം സ്ഥാനത്താണ് ഇപ്പോള്‍ ചിത്രം. നാളത്തെ കളക്ഷനോടെ ചിത്രം 100 കോടി ക്ലബ്ബില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ അതിവേഗം 100 കോടി ക്ലബ്ബില്‍ എത്തിയ മലയാളം ചിത്രങ്ങളുടെ പട്ടികയിലേക്കും ലോക എത്തിച്ചേരും. അതേസമയം ചിത്രത്തിന്‍റെ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്ക് പിന്നാലെ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയിലും ചിത്രത്തിന് പ്രിയം നേടാനായാല്‍ പിന്നീടുള്ള ബോക്സ് ഓഫീസ് കുതിപ്പ് പ്രവചനാതീതമാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡൊമിനിക് അരുണ്‍ ആണ് സംവിധായകന്‍. കല്യാണി പ്രിയദര്‍ശന്‍റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആണ് ചന്ദ്ര എന്ന കഥാപാത്രം.