
ഫാന്റസി ഹൊറർ ത്രില്ലർ ചിത്രം സർവ്വം മായയിലൂടെ ഗംഭീര തിരിച്ചുവരവ് നടന്നത്തി നടൻ നിവിൻ പോളി. കരിയറിലെ മികച്ച പ്രകടനം കാഴ്ചവച്ച നിവിന്റെ ഈ ചിത്രമിതാ 50 കോടി എന്ന സുവർണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസം കൊണ്ടാണ് സർവ്വം മായയുടെ ഈ നേട്ടം. ചിത്രം 50 കോടി ക്ലബ്ബിൽ കയറിയ സന്തോഷം നിവിൻ പോളി തന്നെയാണ് ആരാധകരോടായി അറിയിച്ചിരിക്കുന്നത്. ഒപ്പം പ്രേക്ഷകർക്കും ആരാധകർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്യുന്നു.
‘ഈ സിനിമ നിങ്ങളുടേതാക്കിയതിന് ഒരുപാട് നന്ദി. എൻ്റെ മനസ് നിറഞ്ഞിരിക്കുന്നു’, എന്നായിരുന്നു സന്തോഷം പങ്കിട്ട് നിവിന്‍ പോളി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്. ഇതാണ് കം ബാക്ക് മൊമന്‍റ് എന്നാണ് പലരുടേയും കമന്‍റുകള്‍.
ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് ആയിരുന്നു സര്‍വ്വം മായ തിയറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിലാണ് ചിത്രം 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതോടെ അതിവേഗം 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രങ്ങളുടെയും പട്ടികയില്‍ നിവിനും സര്‍വ്വം മായയും ഇടംപിടിച്ചു കഴിഞ്ഞു.
പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് സര്‍വ്വം മായ. അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തില്‍ അജു വര്‍ഗീസും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജുവും നിവിനും ഒന്നിക്കുന്ന പത്താമത്തെ സിനിമ കൂടിയാണ് സര്‍വ്വം മായ. പ്രമോഷന്‍ മെറ്റീരിയലുകളില്‍ നിന്നെല്ലാം തന്നെ തങ്ങളുടെ പഴയ നിവിനെ തിരിച്ചു കൊണ്ടുവരുന്നതാകും സിനിമയെന്ന് ആരാധകര്‍ വിധി എഴുതിയിരുന്നു. ഒടുവില്‍ തിയറ്ററില്‍ എത്തി ആദ്യ ഷോ കഴിഞ്ഞതും ആ പ്രതീക്ഷ വിഫലമായില്ലെന്ന് ചിത്രം കാട്ടി കൊടുത്തു. സമീപകാലത്ത് കണ്ടതില്‍ വച്ച് മികച്ച എന്‍റര്‍ടെയ്നറാണ് സിനിമയെന്നാണ് പ്രേക്ഷക വിലയിരുതല്‍. പടത്തിലെ ദെലുലുവിന്‍റെ പ്രകടനത്തിനും പ്രശംസ ഏറെയാണ്.