നീണ്ട ഇടവേളയ്ക്ക് ശേഷം നിവിൻ പോളിക്ക് ബോക്സ് ഓഫീസിൽ വൻ വിജയം സമ്മാനിച്ചിരിക്കുകയാണ് 'സർവ്വം മായ'. 

കേരളത്തിലെ തിയറ്ററുകളില്‍ ഏറ്റവുമധികം ക്രൗഡ് പുള്ളിംഗ് കപ്പാസിറ്റിയുള്ള താരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. മുന്‍പ് പലവട്ടം അദ്ദേഹം അത് സാധിച്ചിട്ടുണ്ട്. മികച്ച എന്‍റര്‍ടെയ്നര്‍ ചിത്രങ്ങളിലൂടെയായിരുന്നു അത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി നിവിന് അത് സാധിച്ചിരുന്നില്ല. അദ്ദേഹം തെര‍ഞ്ഞെടുത്ത പരീക്ഷണസ്വഭാവമുള്ള ചിത്രങ്ങളില്‍ പലതും നിരൂപകപ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസ് വിജയം നേടുന്നതില്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആ കുറവ് നികത്തുന്ന ഒരു ചിത്രം എത്തിയിരിക്കുകയാണ്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായയാണ് ആ ചിത്രം. ക്രിസ്മസ് ദിനത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ആദ്യ വാരാന്ത്യ കളക്ഷനില്‍ അമ്പരപ്പിക്കുകയാണ്.

ക്രിസ്മസ് ദിനമായ വ്യാഴാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. വ്യാഴം, വെള്ളി, ശനി ദിനങ്ങളില്‍ നിന്നായി കേരളത്തില്‍ നിന്ന് ചിത്രം നേടിയ ഗ്രോസ് 12.65 കോടി ആയിരുന്നു. ആദ്യ മൂന്ന് ദിവസങ്ങളേക്കാള്‍ കളക്ഷനാണ് ചിത്രം ഞായറാഴ്ച നേടിയത്. ട്രാക്കര്‍മാരുടെ ആദ്യ കണക്കുകള്‍ പ്രകാരം ചിത്രം ഞായറാഴ്ച കേരളത്തില്‍ നിന്ന് നേടിയത് 5.72 കോടി ആയിരുന്നു. അങ്ങനെ കേരളത്തില്‍ നിന്ന് ആദ്യ വാരാന്ത്യത്തില്‍ ആകെ 18.37 കോടി. ഇന്ത്യയില്‍ നിന്ന് ഞായറാഴ്ച മാത്രം ചിത്രം നേടിയത് 6.60- 6.70 കോടി റേഞ്ചില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു നിവിന്‍ പോളി ചിത്രം ഇന്ത്യയില്‍ നിന്ന് നേടുന്ന ഏറ്റവും ഉയര്‍ന്ന സിംഗിള്‍ ഡേ ഗ്രോസ് ആണ് ഇത്.

ഈ കളക്ഷനോടെ കേരള ബോക്സ് ഓഫീസിലെ ഒരു പ്രധാന ലിസ്റ്റില്‍ വന്‍ മുന്നേറ്റവും നടത്തിയിട്ടുണ്ട് നിവിന്‍ പോളി. ഈ വര്‍ഷം കേരളത്തില്‍ ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് ഗ്രോസ് നേടിയ മലയാള സിനിമകളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് സര്‍വ്വം മായ. എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ക്ക് മാത്രം പിന്നിലായി മൂന്നാം സ്ഥാനത്താണ് ചിത്രത്തിന്‍റെ നില. എമ്പുരാന്‍ 42.56 കോടിയും തുടരും 20.30 കോടിയും ആയിരുന്നു കേരളത്തില്‍ നിന്ന് ആദ്യ വാരാന്ത്യത്തില്‍ നേടിയത്. 15.50 കോടി നേടിയ കളങ്കാവലിനെ പിന്നിലാക്കിയാണ് സര്‍വ്വം മായ ലിസ്റ്റില്‍ മൂന്നാമത് എത്തിയത്. 15.38 കോടി നേടിയ ഡീയസ് ഈറേ അഞ്ചാം സ്ഥാനത്തും 11.84 കോടി നേടിയ ആലപ്പുഴ ജിംഖാന ആറാം സ്ഥാനത്തുമാണ് പട്ടികയില്‍. ഹൃദയപൂര്‍വ്വം (11.30 കോടി), രേഖാചിത്രം (10.69 കോടി) എന്നിവയാണ് ഏഴ്, എട്ട് സ്ഥാനങ്ങളില്‍.

അതേസമയം വ്യാഴാഴ്ച റിലീസ് ചെയ്യപ്പെട്ടതിനാല്‍ നാല് ദിവസത്തെ വാരാന്ത്യം സര്‍വ്വം മായയ്ക്ക് ലഭിച്ചു. ലിസ്റ്റിലെ തുടരും, കളങ്കാവല്‍, ഡീയസ് ഈറേ എന്നീ ചിത്രങ്ങള്‍ക്ക് മൂന്ന് ദിവസത്തെ വാരാന്ത്യമാണ് ലഭിച്ചത്. ഡീയസ് ഈറേയ്ക്ക് റിലീസ് തലേന്നത്തെ പ്രീമിയര്‍ ഷോകളും ഉണ്ടായിരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming