സര്‍പ്രൈസ് ഹിറ്റ് ആയി 'പടക്കളം', മൂന്നാം ഞായറാഴ്ചയും നേട്ടം; 18 ദിവസം കൊണ്ട് നേടിയത്

Published : May 26, 2025, 02:33 PM IST
സര്‍പ്രൈസ് ഹിറ്റ് ആയി 'പടക്കളം', മൂന്നാം ഞായറാഴ്ചയും നേട്ടം; 18 ദിവസം കൊണ്ട് നേടിയത്

Synopsis

വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

വലിയ പ്രൊമോഷണല്‍ ബഹളങ്ങളോ സൂപ്പര്‍താരങ്ങളുടെ സാന്നിധ്യങ്ങളോ ഒന്നുമില്ലാതെ നിശബ്ദമായി എത്തി പ്രേക്ഷക സ്വീകാര്യത നേടുന്ന ചില ചിത്രങ്ങളുണ്ട്. മാറിയ കാലത്ത് അത്തരം ചിത്രങ്ങള്‍ കുറവാണെന്ന് വേണം പറയാന്‍. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രം മലയാളത്തില്‍ മൂന്നാം വാരത്തിലും പ്രേക്ഷകരെ നേടുകയാണ്. സന്ദീപ് പ്രദീപ്, ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം ആണ് ആ ചിത്രം. മെയ് 8 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മൂന്നാം വാരം പിന്നിടാന്‍ ഒരുങ്ങുമ്പോഴും തിയറ്ററുകളില്‍ മികച്ച ഹോള്‍ഡ് ആണ് ചിത്രത്തിന്. റിലീസിന് ശേഷമുള്ള മൂന്നാമത്തെ ഞായറാഴ്ചയായ ഇന്നലെയും ചിത്രത്തിന് മികച്ച കളക്ഷനുണ്ട്. ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് എത്രയെന്ന് നോക്കാം.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം 18 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് നേടിയത് 14.84 കോടി ഗ്രോസ് ആണ്. നെറ്റ് കളക്ഷന്‍ 13.24 കോടിയും. 11 ദിവസം കൊണ്ടു തന്നെ ചിത്രം തങ്ങള്‍ക്ക് ലാഭമായെന്ന് നിര്‍മ്മാതാവ് വിജയ് ബാബു നേരത്തെ പറഞ്ഞിരുന്നു. ചെറിയ ബജറ്റില്‍ എത്തിയ ചിത്രം യുവ പ്രേക്ഷകരെയാണ് പ്രധാനമായും ലക്ഷ്യമാക്കിയത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ സമീപകാലത്ത് കുറവാണ് എന്നതും പടക്കളത്തിന് ഗുണകരമായി ഭവിച്ച കാര്യമാണ്.

വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജന അനൂപ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലത്തുന്നു. തിരക്കഥ നിതിൻ സി ബാബു, മനു സ്വരാജ്, സംഗീതം രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം അനു മൂത്തേടത്ത്, എഡിറ്റിംഗ് നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ മൈക്കിൾ. സന്ദീപ് പ്രദീപിന് കരിയറില്‍ ഈ വിജയം ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. യുവതലമുറയില്‍ നായക നിരയിലേക്ക് ഉയരാന്‍ സാധിക്കുന്ന നടനായാണ് സന്ദീപ് പ്രേക്ഷകരാല്‍ വിലയിരുത്തപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്