'​ഗില്ലി'യും വീണു! റീ റിലീസില്‍ തെന്നിന്ത്യന്‍ അഡ്വാന്‍സ് ബുക്കിം​ഗ് റെക്കോര്‍ഡുമായി മഹേഷ് ബാബുവിന്‍റെ 'ഖലീജ'

Published : May 26, 2025, 09:18 AM IST
'​ഗില്ലി'യും വീണു! റീ റിലീസില്‍ തെന്നിന്ത്യന്‍ അഡ്വാന്‍സ് ബുക്കിം​ഗ് റെക്കോര്‍ഡുമായി മഹേഷ് ബാബുവിന്‍റെ 'ഖലീജ'

Synopsis

മെയ് 30 നാണ് ചിത്രത്തിന്‍റെ റീ റിലീസ്

ഇന്ത്യന്‍ സിനിമയില്‍ സമീപവര്‍ഷങ്ങളിലെ ട്രെന്‍ഡ് ആണ് റീ റിലീസുകള്‍. ഒറിജിനല്‍ റിലീസിന്‍റെ സമയത്ത് വലിയ വിജയം നേടി ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങളും ആദ്യ റിലീസിന്‍റെ സമയത്ത് പരാജയപ്പെട്ട ചിത്രങ്ങളും ഇത്തരത്തില്‍ റീ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രേക്ഷക സ്വീകാര്യതയുടെ കാര്യത്തിലെ അപ്രവചനീയത റീ റിലീസുകളുടെ കാര്യത്തിലും ഉണ്ട്. ചിലത് നിര്‍മ്മാതാക്കള്‍ക്ക് നേട്ടമുണ്ടാക്കിയപ്പോള്‍ പല റീ റിലീസുകളും ബോക്സ് ഓഫീസില്‍ ചലനമൊന്നും ഉണ്ടാക്കാതെ കടന്നുപോയിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് തെലുങ്കില്‍ നിന്നുള്ള ഒരു റീ റിലീസ്. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഖലീജ എന്ന ചിത്രമാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോഴിതാ അഡ്വാന്‍സ് ബുക്കിം​ഗില്‍ തെന്നിന്ത്യന്‍ റെക്കോര്‍‍ഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം.

ഒറിജിനല്‍ റിലീസ് നടന്ന 2010 ല്‍ ബോക്സ് ഓഫീസില്‍  ദുരന്തമായി മാറിയ ചിത്രമാണിത്. എന്നാല്‍ പില്‍ക്കാലത്ത് ആവര്‍ത്തിച്ചുള്ള ടെലിവിഷന്‍ കാഴ്ചകളിലൂടെ പ്രേക്ഷകര്‍ക്ക് ഖലീജയോടുള്ള അഭിപ്രായം മാറി. അവരുടെ പ്രിയ ചിത്രങ്ങളില്‍ ഒന്നായി മാറി. ഒരു റീ റിലീസിന് നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചതും അതാവാം. മഹേഷ് ബാബുവിന്‍റെ അച്ഛനും ചലച്ചിത്ര നടനുമായിരുന്ന, അന്തരിച്ച കൃഷ്ണയുടെ ജന്മവാര്‍ഷികദിനമായ മെയ് 30 നാണ് ചിത്രത്തിന്‍റെ റീ റിലീസ്. തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഡ്വാന്‍സ് ബുക്കിം​ഗില്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ മാത്രം ചിത്രം ഒരു ദിവസം വിറ്റത് 62,000 ടിക്കറ്റുകളാണ്. തെന്നിന്ത്യന്‍ റീ റിലീസ് ചിത്രങ്ങളുടെ 24 മണിക്കൂര്‍ ബുക്കിം​ഗില്‍ ഇത് റെക്കോര്‍ഡ് ആണെന്ന് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയ് ചിത്രം ​ഗില്ലിയെ മറികടന്നാണ് ഖലീജയുടെ ഈ നേട്ടം. അതേസമയം ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് അടക്കമുള്ള പ്ലാറ്റ്‍ഫോമുകളിലെ വില്‍പന ചേര്‍ത്ത് 1,60,000 ടിക്കറ്റുകളും ചിത്രം ഇതിനകം വിറ്റിട്ടുണ്ട്. 

ബോളിവുഡ് ബോക്സ് ഓഫീസിന്‍റെ കണക്ക് പ്രകാരം അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 3 കോടിയാണ്. ഒരു ഇന്ത്യന്‍ സിനിമ റീ റിലീസിലൂടെ നേടുന്ന ഏറ്റവും വലിയ ഓപണിം​ഗ് ഖലീജ സ്വന്തമാക്കുമോ എന്നറിയാനാണ് ട്രേഡ് അനലിസ്റ്റുകള്‍ കാത്തിരിക്കുന്നത്. സനം തേരി കസം എന്ന ചിത്രമാണ് ഇന്ത്യന്‍ റീ റിലീസുകളില്‍ ഏറ്റവും കളക്റ്റ് ചെയ്ത ചിത്രം. ഇന്ത്യയില്‍ നിന്ന് 33 കോടി ചേര്‍ത്ത് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 53 കോടിയാണ് ചിത്രം നേടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി