ലഭിച്ചത് മികച്ച അഭിപ്രായം, പക്ഷേ; കങ്കണ ജയലളിതയായ 'തലൈവി' റിലീസ് ദിനത്തില്‍ നേടിയ കളക്ഷന്‍

By Web TeamFirst Published Sep 11, 2021, 2:54 PM IST
Highlights

എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എംജിആര്‍ ആയി എത്തുന്നത് അരവിന്ദ് സ്വാമി

തമിഴില്‍ ഏറെക്കാലമായി പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു കങ്കണ റണൗത്ത് ജയലളിതയുടെ വേഷത്തിലെത്തുന്ന 'തലൈവി'. ജയലളിതയുടെ ജീവിതം പറയുന്ന ചിത്രം വിനായക ചതുര്‍ഥി ദിനമായ ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഈ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി കളക്ഷനില്‍ പ്രതിഫലിച്ചോ? ഇപ്പോഴിതാ ചിത്രം ആദ്യദിനം നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

തമിഴ്നാട് ബോക്സ് ഓഫീസില്‍ ചിത്രം റിലീസ് ദിനത്തില്‍ 75 ലക്ഷമാണ് ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്. ലഭിച്ച അഭിപ്രായം അനുസരിച്ച് ചിത്രം ഇതിനേക്കാള്‍ ഉടര്‍ന്ന കളക്ഷന്‍ നേടാമായിരുന്നെങ്കിലും കാണികള്‍ക്ക് 50 ശതമാനം പ്രവേശനം അനുവദിച്ചാണ് തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന വസ്‍തുത കണക്കിലെടുക്കേണ്ടതാണ്. കൂടാതെ സാധാരണ തമിഴ് സിനിമാപ്രേമിയെ സംബന്ധിച്ച് കങ്കണ അത്ര പരിചിത മുഖവുമല്ല. അതേസമയം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് പ്രതീക്ഷിച്ചപോലെയുള്ള പ്രതികരണമല്ല നേടിയിരിക്കുന്നത്. 20 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നേടിയിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിക്കുന്നത്.

എല്ലാ ഭാഷകളിലെയുംകൂടി ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ 1.20 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റ് സുമിത് കദേല്‍ അറിയിക്കുന്നു. കൊവിഡ് സാഹചര്യം പരിഗണിക്കുമ്പോള്‍ വലിയ പരാജയം എന്നൊന്നും വിലയിരുത്താനാവാത്ത കളക്ഷനാണ് ഇത്. അക്ഷയ് കുമാര്‍ നായകനായ ബോളിവുഡ് ചിത്രം ബെല്‍ബോട്ടം ആദ്യദിനം നേടിയത് 2.75 കോടി ആയിരുന്നു. 

എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എംജിആര്‍ ആയി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. കരുണാനിധിയുടെ റോളില്‍ എത്തുന്നത് നാസറും. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്. 2019 നവംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഈ വര്‍ഷം ഏപ്രില്‍ 23 ആയിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ റിലീസ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!